അൻപെഴും തോഴൻ സമരനായകൻ

സ്വന്തം ലേഖിക
Published on Nov 20, 2025, 12:00 AM | 1 min read
പാലക്കാട്
‘‘ഞാൻ മലമ്പുഴ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി എസ് ബി രാജു.’’ –പരിചയപ്പെടുത്തേണ്ട ഞങ്ങളുടെ ആളല്ലേ എന്ന് മറുതലയ്ക്കൽ മറുപടി. തൊഴിലാളികളിൽ ഒരുവനായി സമരാനുഭവങ്ങൾ കരുത്താക്കി ജില്ലാപഞ്ചായത്ത് മലമ്പുഴ ഡിവിഷനിൽ പ്രചാരണം ശക്തമാക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി എസ് ബി രാജു. ഐടിഐയിൽ ഓഫീസറായി ലഭിച്ച സ്ഥാനക്കയറ്റം വേണ്ടെന്നുവച്ച് തൊഴിലാളിയായി തുടർന്നയാളാണ്. സിഐടിയുവിന്റെ സമരനേതാവ്. വിദ്യാർഥി സമരകാലത്ത് കൊടിയ പൊലീസ് മർദനം നേരിട്ടയാൾ. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ വിജയിച്ച ഡിവിഷനാണ് മലമ്പുഴ. മലമ്പുഴ, കൊടുമ്പ്, മരുതറോഡ് പഞ്ചായത്തുകളിലെ വാർഡുകളാണ് ഡിവിഷനിലുള്ളത്. വിനോദസഞ്ചാര മേഖല, അടിസ്ഥാന വികസനം, ആരോഗ്യമേഖല എന്നിവയിൽ നിരവധി വികസന പദ്ധതികളാണ് അഞ്ചുവർഷത്തിനിടെ നടപ്പാക്കിയത്. മലമ്പുഴ ഉദ്യാനത്തിന്റെ മുഖച്ഛായതന്നെ മാറ്റിയ വികസന പ്രവർത്തനങ്ങൾ നടന്നു. ഐടിഐ നവീകരണത്തിന് 12 കോടി അനുവദിച്ചു. ഗവ. എച്ച്‌എസ്എസ് കെട്ടിടം മൂന്നുകോടി ചെലവിൽ നവീകരിച്ചു. ഒരു കോടി രൂപയ്ക്ക് എംസിഎഫ്, ആറ് പഞ്ചായത്തിലായി 50 ലക്ഷം രൂപ ചെലവിട്ട് ബോട്ടിൽ ബൂത്തുകൾ, ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയം, സബ്‌സിഡിയോടെ ബയോബിൻ വിതരണം എന്നിവ നടപ്പാക്കി. മരുതറോഡ് വിഎച്ച്എസ്ഇ കെട്ടിടത്തിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. മരുതറോഡ് പഞ്ചായത്തിൽ മാത്രം അഞ്ചുകോടിയുടെ വികസനമാണ് യാഥാർഥ്യമാക്കിയത്.







0 comments