മണ്ണിന്റെയും മനുഷ്യാവസ്ഥകളുടെയും നേർചിത്രം


സി വി രാജീവ്
Published on Apr 20, 2025, 02:00 AM | 2 min read
പാലക്കാട്
മനുഷ്യവിലാപങ്ങളുടെ കഥാകാരനാണ് മുണ്ടൂർ സേതുമാധവൻ. പരിചിതഭൂമികളിൽനിന്ന് അപരിചിതമായ മനുഷ്യാവസ്ഥകളുടെ സങ്കടങ്ങൾ കണ്ടെടുക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. മുണ്ടൂരിന്റെ മണ്ണും അവിടുത്തെ മനസ്സുകളുടെ നാനാ ഭാവങ്ങളും ഉൾച്ചേരുന്ന കഥകൾ. ആദ്യകഥയായ ‘മണ്ണ്’ മുതൽ പിന്നീടുള്ള അഞ്ഞൂറോളം സൃഷ്‌ടികളിൽ തെളിയുന്നത് ദേശം എന്ന വലിയ ക്യാൻവാസാണ്. പാലക്കാടൻ ഗ്രാമങ്ങളാണ് (വിശിഷ്യാ മുണ്ടൂരും പ്രകൃതിയും) മുണ്ടൂർ സേതുമാധവന്റെ കഥകളുടെയും നോവലുകളുടെയും പൊതുപശ്‌ചാത്തലം. എന്നാൽ, പാലക്കാടിനെ ആഴത്തിൽ പരിചയമില്ലാത്തവരുടെ ഹൃദയങ്ങളിലും ആ കഥാപാത്രങ്ങൾ ജീവിതത്തേക്കാൾ ഉയരെ കൊടിപ്പടം കെട്ടി. കഥകളിലെല്ലാം വിശപ്പ് പ്രധാന ഘടകമാണ്. താൻ അനുഭവിച്ച കഷ്ടതകൾ വാക്കുകളിൽ കാണാം. അതിലൂടെ സഞ്ചരിക്കുമ്പോൾ കാലത്തെ തന്നെ കീഴടക്കുകയാണ് വായനക്കാരൻ. ബന്ധങ്ങളുടെ അർഥവും അർഥശൂന്യതയും തേടുന്ന ‘കാഴ്‌ചപ്പാടുകൾ ’എന്ന കഥയിലെ ശ്രീധരൻമാഷ് പറയുന്നു–-‘‘ബാങ്ക് അക്കൗണ്ടിലെ ഡിജിറ്റുകളിൽ മാത്രമൊതുങ്ങുന്ന സ്‌നേഹബന്ധങ്ങൾ’’ ഈ വാക്യത്തിന് പുതുകാല പ്രസക്തിയേറെ. തലമുറ മാറ്റത്തിന്റെ തേങ്ങലും കുതിപ്പും വരികളിൽ അറിയുന്നു. ‘‘ഏത് നിശബ്ദതയിലും മനുഷ്യൻ സംഗീതമാകുന്നു, തേങ്ങലാകുന്നു’’ അത് ആസ്വാദകരുടെയും ആത്മതാളമാകുകയാണ്. സാമർഥ്യത്തിന്റെ വേരുകളാഴ്‌ത്താനുള്ള പരക്കംപാച്ചിൽ നിറഞ്ഞ തെരുവ് എന്നും ‘‘നിങ്ങൾ കല്ലും സിമന്റും കൊണ്ട് മന്ദിരങ്ങളും അണകളുമുണ്ടാക്കുന്നു. മനസ്സുണ്ടാക്കാൻ പക്ഷെ നിങ്ങൾക്കറിയില്ല’’ എന്നുമുള്ള ചിന്തകൾ ഏത് കാലത്തും പ്രസക്തം. അദ്ദേഹത്തിന്റെ കഥകളെ തൊടുമ്പോൾ ഇതുപോലെ സ്വയം പൊളിക്കുന്ന എത്രയോ ആഖ്യാനങ്ങൾ. സ്‌ത്രീജീവിതങ്ങളെ ചിത്രീകരിക്കുമ്പോഴും സൂക്ഷ്‌മഭാവങ്ങളുടെ സന്നിവേശം. സീത പറയുമായിരുന്നു, നിങ്ങൾ ഈ കത്തു വായിച്ചുവോ, ഹന്ന ഫ്രിഡ്‌ജ എന്നീ കഥകൾ പെട്ടന്നുതെളിയുന്ന ഉദാഹരണങ്ങൾ. വളച്ചുകെട്ടില്ലാത്ത, ലളിത ഭാഷയാണ് മുണ്ടൂർ കഥകളുടെ മറ്റൊരു പ്രത്യേകത. പ്രകൃതിയുമായും നാട്ടുജീവിതങ്ങളുമായും ഇണങ്ങുന്ന ഭാഷ. ‘‘പതിനൊന്നുമണിയുടെ വെയിൽനാളങ്ങൾ കുട്ടികളുടെ കൈകൾപോലെ മൃദുലമാണ്’’, ‘‘ഇരുട്ടിനെ ഗ്രാമചെരിവിലുപേക്ഷിച്ച് ബസ് മലകടന്നു’’, ‘‘കൂറ്റൻ കരിമ്പനകളുടെ പിരിച്ചിട്ട ജടയിൽ കിഴക്കൻ കാറ്റ് കലിതുള്ളി’’... ചാരുതയേറുന്ന, ഭാവസമ്പുഷ്‌ടമായ ഭാഷാസിദ്ധിയുടെ ഉദാഹരണങ്ങളെത്ര. നോവലുകളിൽ നിറങ്ങൾ, മരണഗാഥ, അനസൂയയുടെ സ്വപ്‌നങ്ങൾ എന്നിവയും സിനിമയായ കലിയുഗവും മനുഷ്യസങ്കീർണതകളുടെ കാറ്റായ് അസ്വസ്ഥപ്പെടുത്തുന്നവ. മഷിപിടിച്ച ഓർമകൾ എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. തീർച്ചയായും അതിന്റെ പരന്നൊഴുകലാണ് ആ കഥാലോകം. അവ രണ്ട് വാല്യങ്ങളിലായി സമ്പൂർണ സമാഹാരമായി പുറത്തിറങ്ങുമ്പോൾ വായനയുടെ പൂക്കാലമാകുമെന്ന് തീർച്ച.









0 comments