ഒരു കിലോ ചിരട്ടയ്ക്ക് 40 രൂപ
ചിരട്ട ചില്ലറക്കാരനല്ല, തേങ്ങയ്ക്കൊപ്പം താരം

സായൂജ് ചന്ദ്രൻ
പാലക്കാട്
ഉപയോഗശേഷം ചിരട്ട വലിച്ചെറിയാൻ വരട്ടെ. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ചിരട്ടയ്ക്ക് പൊള്ളുന്ന വില. ഒരു കിലോ ചിരട്ടയ്ക്ക് 40 രൂപയാണ് മാർക്കറ്റിൽ വില. നേരത്തെ 10 മുതൽ 15 രൂപവരെയാണ് വിലയുണ്ടായിരുന്നത്. തേങ്ങ വില വർധിച്ചതാണ് ചിരട്ടയ്ക്കും വില വർധിക്കാൻ കാരണം. കഴിഞ്ഞ വേനലിൽ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. തുടർന്ന് വില കുത്തനെ കുതിച്ചു. തേങ്ങയ്ക്ക് 80 മുതൽ 85 രൂപവരെ വിലയുണ്ട്. ഇതോടെ ചിരട്ടയ്ക്ക് മൂന്നിരട്ടി വിലയായി. സംസ്ഥാനത്തെ ഓയിൽ മില്ലുകളിൽനിന്നും കൊപ്രസംഭരണ കേന്ദ്രങ്ങളിൽനിന്നും ശേഖരിക്കുന്ന ചിരട്ടകൾ തമിഴ്നാട്ടിലേക്കാണ് അയക്കുന്നത്. പൊള്ളാച്ചി, തൂത്തുക്കുടി, കാങ്കയം എന്നിവിടങ്ങളിലുള്ള കച്ചവടക്കാർ നേരിട്ടെത്തിയാണ് ചിരട്ട ശേഖരിക്കുന്നത്. മണ്ണാർക്കാട്, ചിറ്റൂർ പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ സംഭരണം. കരിയായി ഉപയോഗിക്കാനും കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ എന്നിവ നിർമിക്കാനുമാണ് ചിരട്ട കൂടുതലായി ഉപയോഗിക്കുന്നത്. ഒരു കിലോ ചിരട്ടക്കരിക്ക് 120 രൂപയാണ് വില. വെള്ളം ശുദ്ധീകരിക്കാനും സ്വർണപ്പണിക്കായും സൗന്ദര്യ വർധകവസ്തുക്കൾ നിർമിക്കാനും ചെടികൾക്ക് വളമായും കരി ഉപയോഗിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. കച്ചവട കേന്ദ്രങ്ങൾ കൂടാതെ ഓൺലൈനിലും ചിരട്ടയുടെയും കരിയുടെയും വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. ഒഎൽഎക്സിലൂടെ 33 രൂപ വിലയിൽ കച്ചവടക്കാരുമായി നേരിട്ട് കച്ചവടം നടത്തുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, ഗ്രീൻ ഡിഎൻഎ തുടങ്ങിയ പ്രമുഖ വെബ്സൈറ്റുകളിൽ ചിരട്ടയ്ക്ക് 100 മുതൽ 300 രൂപവരെ വിലയുണ്ട്. ചിരട്ടക്കരിക്ക് 300 മുതൽ 500 രൂപവരെയും വിലയുണ്ട്.









0 comments