294 പാടശേഖരങ്ങളിലെ സംഭരണം തുടരുന്നു
103.62 ടൺ നെല്ലെടുത്തു

സ്വന്തം ലേഖിക
Published on Nov 12, 2025, 12:00 AM | 1 min read
പാലക്കാട്
ജില്ലയിൽ, സപ്ലൈകോ മില്ലുകൾക്ക് അനുവദിച്ച 294 പാടശേഖരങ്ങളിൽ നെല്ല് സംഭരണം പുരോഗമിക്കുന്നു. ചൊവ്വാഴ്‌ച മാത്രം 168 പാടശേഖരങ്ങളിൽനിന്ന് നെല്ലെടുത്തു. നെല്ല് സംഭരിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ സഹകരണ സംഘങ്ങൾ രംഗത്തെത്തിയതോടെയാണ് കൂടുതൽ മില്ലുകൾ നെല്ലെടുക്കാൻ തയ്യാറായത്. ആലത്തൂർ, പാലക്കാട് താലൂക്കുകളിൽ 98 കർഷകരിൽനിന്ന് 103.62 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. 31.21 ലക്ഷം രൂപയുടെ നെല്ലാണ് എടുത്തത്. ഇതിൽ, 1.83 ലക്ഷം രൂപ ഇതിനകം കർഷകരുടെ കൈകളിലെത്തി. ശേഷിക്കുന്ന 29.37 ലക്ഷം രൂപ രണ്ട് ബാങ്കുകളിലുണ്ട്. 30 രൂപ സംഭരണ വിലയിലാണ് സപ്ലൈകോ കർഷകരിൽനിന്ന് നെല്ലെടുക്കുന്നത്. അഞ്ച് മില്ലുകളാണ് നിലവിൽ നെല്ല് സംഭരിക്കുന്നത്. ഇവയ്ക്ക് പ്രതിദിനം 662.23 മെട്രിക് ടൺ നെല്ല് സംഭരിക്കാനുള്ള ശേഷിയുണ്ട്. 7,179 ഹെക്ടർ പാടശേഖരങ്ങളിൽ നിന്നായി 49,119.33 മെട്രിക് ടൺ നെല്ലളന്നാണ് മില്ലുകൾക്ക് അനുവദിച്ചത്. മില്ലുകാർ പാടശേഖരങ്ങളിലെത്തിയാണ് നെല്ല് സംഭരണം. സംഭരണത്തിന് തയ്യാറായത് 74 സംഘം മില്ലുടമകളുടെ പിടിവാശിയെത്തുടർന്ന് നെല്ല് സംഭരിക്കാൻ തയ്യാറായത് 74 സഹകരണ സംഘങ്ങൾ. നെല്ല് സംഭരണത്തിന് സഹകരണ മേഖലയെ പ്രയോജനപ്പെടുത്താൻ ശനിയാഴ്‌ച മന്ത്രിതലയോഗം ചേർന്നിരുന്നു. അന്നുതന്നെ 31 സംഘങ്ങൾ നെല്ല് സംഭരിക്കാൻ തയ്യാറായി. പിന്നാലെ, 43 സംഘങ്ങൾകൂടി രംഗത്തെത്തി. മില്ലുകൾ അനുവദിക്കാതെ പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടകുന്നുണ്ടെങ്കിൽ സഹകരണസംഘം വഴി സംഭരിക്കാൻ തീരുമാനമായി. സപ്ലൈകോയും സഹകരണസംഘ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം.







0 comments