എ സി വിശ്രമിക്കട്ടെ, നമ്മളുണ്ട്... ജയിപ്പിക്കാൻ

പ്രഭാത നടത്തത്തിനിടെ വീണു പരിക്കേറ്റ് വിശ്രമത്തിലായ അരിക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡ് പുതേരിപ്പാറയിലെ സ്ഥാനാർഥി എ സി ബാലകൃഷ്‌ണനെ സന്ദർശിക്കുന്ന വോട്ടർമാർ
അരിക്കുളം
ഓരോയിടത്തും ഓടിയെത്തണം, വിട്ടുപോകാതെ വോട്ടർമാരെയെല്ലാം ചെന്നു കാണണം. അവസാന ലാപ്പിൽവരെ നേരിട്ടെത്തി വോട്ടുറപ്പിക്കണം. ഇത് തെരഞ്ഞെടുപ്പിന്റെ പതിവു കാഴ്‌ച. എന്നാൽ അരിക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡ് പുതേരിപ്പാറയിൽ ഇത്തവണ ഇൗ പതിവൊന്നു തെറ്റി. സ്ഥാനാർഥി പര്യടനമില്ല. പകരം സ്ഥാനാർഥിയെക്കാണാൻ വീട്ടിലേക്ക് വോട്ടർമാരുടെ പര്യടനമാണ്. ജനാധിപത്യോത്സവത്തിൽ ജനകീയതയുടെ സുന്ദര കാഴ്‌ച. സംഭവം മറ്റൊന്നുമല്ല. ഡോക്ടറുടെ നിർദേശപ്രകാരം നിർബന്ധിത വിശ്രമത്തിലാണ് ഇവിടെയൊരു സ്ഥാനാർഥി. പൂതേരിപ്പാറയിലും അരിക്കുളത്തും കൊയിലാണ്ടി ഏരിയയിലാകെ നിറഞ്ഞുനിൽക്കുന്ന എ സി ബാലകൃഷ്‌ണനാണ് പ്രിയങ്കരനായ ആ നേതാവ്. രണ്ടാഴ്ചമുമ്പ് പ്രഭാത നടത്തത്തിനിടെ ഒന്നു വീണു. കാലിന്റെ എല്ലുകൾ പൊട്ടി. പ്ലാസ്റ്ററിട്ടു. തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങണമെന്ന തീരുമാനം മാറ്റേണ്ടതില്ല, മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഓടിനടന്ന എ സിയെ ജയിപ്പിക്കാൻ ഓടിനടക്കാൻ ഞങ്ങളുണ്ടെന്ന് നാട്ടുകാർ. കക്ഷിരാഷ്ട്രീയ, ജാതി മത വേർതിരിവൊന്നുമില്ലാതെ അവർ അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തുകയാണിപ്പോൾ; വിജയാശംസയും പിന്തുണയും അറിയിച്ചും ഒപ്പം ആരോഗ്യകാര്യം തിരക്കിയും. ‘എ സി വിശ്രമിക്കൂ, ഉഷാറായി വരൂ...’ എന്ന വോട്ടർമാരുടെ വാക്കുകളിൽ പ്രിയനേതാവിന് ആവേശം ഇരട്ടിയായി. വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് വിശ്വാസം. അരനൂറ്റാണ്ട് പിന്നിടുന്ന സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനത്തിനുടമയാണ് എ സി ബാലകൃഷ്‌ണൻ. ബാലസംഘത്തിലൂടെയാണ് രാഷ്‌ട്രീയപ്രവേശനം. കർഷകത്തൊഴിലാളികളുടെ നേതാവായി. 50 വർഷത്തിനിടെ ആദ്യമായാണ് തെരഞ്ഞെടുപ്പ് രംഗത്ത്. നിലവിൽ സിപിഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും കെഎസ്‌കെടിയു ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ്. സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. സമൂഹമാധ്യമങ്ങൾ വഴിയുള്ള വോട്ടഭ്യർഥന സജീവമാണ്.









0 comments