ട്രോളിങ് നിരോധനം 
ഇന്ന് അർധരാത്രിമുതൽ

ട്രോളിങ് ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയാപ്പയിൽ ബോട്ടുകൾ കരയിലേക്ക് കയറ്റുന്നു

ട്രോളിങ് ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയാപ്പയിൽ ബോട്ടുകൾ കരയിലേക്ക് കയറ്റുന്നു

വെബ് ഡെസ്ക്

Published on Jun 09, 2025, 02:03 AM | 1 min read

സ്വന്തം ലേഖകൻ ഫറോക്ക് മൺസൂൺകാല ട്രോളിങ് നിരോധനം തിങ്കളാഴ്‌ച അർധരാത്രിയോടെ നിലവിൽ വരും. ജൂലൈ 31 അർധരാത്രിവരെ യന്ത്രവൽകൃത മീൻപിടിത്ത ബോട്ടുകൾ കടലിലിറങ്ങില്ല. പരമ്പരാഗത വള്ളങ്ങൾക്ക് കർശന ഉപാധികളോടെ മീൻപിടിത്തത്തിനിറങ്ങാം. നിരോധ കാലയളവിൽ നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി ജില്ലയിൽ എല്ലായിടത്തും പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തി. സംസ്ഥാനത്തിന്‌ പുറമെ നിന്നുള്ള ബോട്ടുകൾ തീരം വിട്ടു. മത്സ്യക്ഷാമവും കാലാവസ്ഥ വ്യതിയാനവും കാരണം ജില്ലയിൽ പ്രാദേശിക ബോട്ടുകളിലേറെയും ഇത്തവണ നേരത്തെ കരപറ്റി. തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകാൻ നടപടിയായി. ബോട്ടുകളെല്ലാം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്‌സുമെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കും. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ എന്നിവിടങ്ങളിലാണ് ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് നിരീക്ഷണവും കടൽ രക്ഷാപ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയത്. ഈ നാലിടങ്ങളിൽ മൂന്നിടത്തും കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ബോട്ടും ചോമ്പാലിൽ തോണിയും പ്രത്യേക ഗാർഡുകളേയും നിയോഗിച്ചു. ബേപ്പൂരിൽ 
കൺട്രോൾ റൂം ജില്ലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ സംവിധാനങ്ങൾക്കൊപ്പം നിയമ ലംഘനം തടയാൻ തീരമേഖലയിൽ പട്രോളിങ്ങും ശക്തമാക്കി. 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലയുടെ കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. ഫോൺ: 0495 2414074, 0495 2992194, 9496007052. പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിലേർപ്പെടാൻ വിലക്കില്ലെങ്കിലും ഇരട്ട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തം കർശനമായി നിരോധിച്ചു. വലിയ വള്ളങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന കരിയർ വള്ളങ്ങൾ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്. അധികൃതർ നൽകുന്ന എല്ലാ നിർദേശങ്ങളും യഥാസമയം പാലിക്കണമെന്ന്‌ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി അനീഷ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home