വികസനത്തേരിലേറി തൂണേരി

 തൂണേരി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലുള്ള വയോജനകേന്ദ്രത്തിലെ ലൈബ്രറിയിൽ വയോജനങ്ങൾ 
പുസ്തകവും പത്രവും വായിക്കുന്നു

തൂണേരി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലുള്ള വയോജനകേന്ദ്രത്തിലെ ലൈബ്രറിയിൽ വയോജനങ്ങൾ 
പുസ്തകവും പത്രവും വായിക്കുന്നു

വെബ് ഡെസ്ക്

Published on Nov 19, 2025, 02:06 AM | 2 min read

സി രാഗേഷ്‌ നാദാപുരം സർവതലസ്പർശിയായ വികസന മുന്നേറ്റമാണ്‌ അഞ്ചുവർഷത്തിനിടയിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് കാഴ്ചവച്ചത്. സംസ്ഥാനത്ത് മാതൃകയായ നിരവധി പദ്ധതികൾ നടപ്പാക്കി. ജീവിത സായാഹ്നത്തിൽ സൗഹൃദത്തിനും വിനോദത്തിനുമായി ഒരിടമൊരുക്കി വയോജന സൗഹൃദ പദ്ധതിയിൽ സംസ്ഥാനത്തിന്‌ മാതൃകയാണ് തൂണേരി. ബ്ലോക്ക് പരിധിയിലെ വയോജനങ്ങളെ ചേർത്തുപിടിച്ചു ശാരീരിക മാനസിക ഉല്ലാസത്തിനായി ബ്ലോക്ക് അങ്കണത്തിൽ വയോജന കേന്ദ്രം പ്രവർത്തിക്കുന്നു. വാർഷിക പദ്ധതിപ്രകാരം ഭക്ഷണവും, വായനക്കാർക്ക് ലൈബ്രറി, ടെലിവിഷൻ, ക്യാരംസ്, ചെസ് ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ‘‘ഇവിടെ വന്നാൽ പിന്നെ സമയം പോകുന്നതറിയില്ല. കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഇവിടെ വരുന്നുണ്ട്. ദിവസം ഒരു പുസ്തകമെങ്കിലും വായിക്കും’’– തൂണേരി നെല്ലിയേരി മീത്തൽ സത്യാവതി പറഞ്ഞു. സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന വയോസേവന പുരസ്കാരം ആദ്യമായി ലഭിച്ചത് തൂണേരിക്കാണ്‌. സായൂജ്യം വയോജന സഭയാണ്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ​ ആരോഗ്യ രംഗത്ത്‌ കുതിപ്പ്‌ നാദാപുരം ഗവ. താലൂക്ക് ആശുപത്രി, വളയം ഗവ. ആശുപത്രി, തണ്ണീർപന്തൽ ഹോമിയോ ആശുപത്രികളിൽ ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. നാദാപുരം ആശുപത്രി ആധുനികവൽക്കരിച്ച് ഓൺലൈൻ ബുക്കിങ് സംവിധാനമൊരുക്കി, ഈവനിങ് ഒപി ആരംഭിച്ചു, ഫിസിയോതെറാപ്പി യൂണിറ്റ് തുടങ്ങി. മികച്ച ഫാർമസി സൗകര്യവും 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ലാബും സജ്ജമാക്കി. സെക്കൻഡറി പാലിയേറ്റീവ് മികച്ച നിലയിൽ നടന്നുവരുന്നു. ഡയാലിസിസ് കേന്ദ്രത്തിനായി ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കി. ആശുപത്രിയെ ജനസൗഹൃദ ആരോഗ്യ കേന്ദ്രമാക്കാൻ മാതൃകാപരമായ പ്രവർത്തനമാണ് ബ്ലോക്ക് പഞ്ചായത്തും ആശുപത്രി വികസന സമിതിയും ചേർന്ന് സംഘടിപ്പിച്ചത്. വളയം സിഎച്ച്സിയുടെ പ്രവർത്തനങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തി. നേത്രപരിശോധനയ്‌ക്ക്‌ അത്യാധുനിക സംവിധാനം ഒരുക്കി. കിടത്തി ചികിത്സാ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി. ആശുപത്രി തുടർച്ചയായി കായ കൽപ് അവാർഡ് നേടിയെടുത്തു. തണ്ണീർപന്തൽ ഹോമിയോ ആശുപത്രികളിൽ ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ഹോമിയോ ആശുപത്രിയുടെ ആവശ്യങ്ങൾ യഥാസമയം പരിഹരിക്കുന്നതിനും രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും ഫലപ്രദമായി ഇടപെടലുണ്ടായി. ശുചിത്വത്തിൽ മാതൃക ശുചിത്വത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് തൂണേരി ബ്ലോക്ക് നടത്തിയത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കി. എൽപി മുതൽ ഹയർ സെക്കൻഡറി തലംവരെയുള്ള വിദ്യാർഥികൾക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ശുചിത്വ സംസ്കാരം വളർത്തിയെടുക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി പഠന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ‘പുഹ്ഹൗസ്' പുസ്തകം തയ്യാറാക്കി നൽകി. ​കാർഷികരംഗത്ത്‌ 
നൂതന പദ്ധതികൾ വാർഷിക രംഗത്തെ മുന്നേറ്റത്തിന് മികച്ച പദ്ധതികൾ നടപ്പാക്കി. വിവിധ കൃഷി, കാർഷിക യന്ത്രങ്ങളുടെയും കാലിത്തീറ്റയുടെയും വിതരണം, മിൽക്ക് ഇൻസെന്റീവ് വിതരണം, വീട്ടുമുറ്റങ്ങളിൽ കൃഷി ചെയ്യാനുള്ള മൺചട്ടി വിതരണം തുടങ്ങിയവ അഞ്ചു വർഷക്കാലയളവിൽ നടപ്പാക്കി. ​ ഒറ്റനോട്ടത്തിൽ ​*ബ്ലോക്ക് പഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടുകൂടി ഓഫീസ് *തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കി *നിരവധി സംരംഭങ്ങൾ ആരംഭിക്കുന്നതിന് പിന്തുണയും സഹായവും * ഭിന്നശേഷിക്കാരുടെ ജീവിത ഗുണനിലവാരം ഉയർത്തുന്നതിന് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ * ലൈബ്രറികൾക്ക് വിവിധതരത്തിലുള്ള സഹായങ്ങൾ നൽകി * 1.4 കോടി രൂപ ചെലവിൽ ആറു കുടിവെള്ള പദ്ധതികൾ ആരംഭിച്ചു​



deshabhimani section

Related News

View More
0 comments
Sort by

Home