കാത്തിരിപ്പ് സഫലം, പയ്യാനക്കലിൽ പന്തുരുളും

പയ്യാനക്കലിൽ കളിസ്ഥലം വരുന്നയിടം
സ്വന്തം ലേഖിക കോഴിക്കോട് നാടിന്റെ മൂന്ന് ദശാബ്ദത്തിലേറെ നീണ്ട കാത്തിരിപ്പ് സഫലമാക്കി പയ്യാനക്കൽ കളിസ്ഥലം സാക്ഷാത്‌കാരത്തിലേക്ക്. കളിസ്ഥലത്തിനുള്ള 1.63 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കോർപറേഷൻ 12.97 കോടി രൂപ അനുവദിച്ചു. പൊറ്റമ്മൽ കളിസ്ഥലത്തിനുപുറമെ ഈ ഭരണസമിതി യാഥാർഥ്യമാക്കുന്ന രണ്ടാമത്തെ കളിസ്ഥലമാണിത്. കോട്ടൂളിയിലും ഉമ്മളത്തൂരിലും കളിസ്ഥലത്തിനുള്ള നടപടി പുരോഗമിക്കയാണ്. ഉമ്മളത്തൂരിൽ കളിസ്ഥലത്തിന് മൂന്നുകോടി സർക്കാർ വകയിരുത്തി. പൊതുജനങ്ങൾക്കും പയ്യാനക്കൽ ഗവ. വിഎച്ച്‌എസ്എസിലെ കുട്ടികൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് കളിസ്ഥലം ഒരുക്കുക. പണം കൈമാറി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുന്നതോടെ ഫുട്ബോൾ ഗ്രൗണ്ടായി വികസിപ്പിക്കും. കപ്പക്കൽ ഡിവിഷനിൽ ഉൾപ്പെട്ട സ്ഥലത്തിന് ഇൗ തുക നിശ്‌ചയിച്ചത് ലാൻഡ് അക്വിസിഷൻ തഹസിൽദാറുടെ മൂല്യനിർണയത്തിലാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളും നിയമപ്രശ്‌നങ്ങളുമാണ് കാലതാമസത്തിനിടയാക്കിയത്. ജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കളിസ്ഥലത്തിനായി മുന്നോട്ടുവന്നിരുന്നു. യുഡിഎഫ് ഭരണകാലത്ത് എം കെ മുനീർ മന്ത്രിയായിരിക്കെ കളിസ്ഥലം നിർമിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും പാലിച്ചില്ല. മറ്റ് യുഡിഎഫ് ജനപ്രതിനിധികൾക്കും ഇത് നടപ്പാക്കാനായില്ലെന്നിരിക്കെയാണ് കോർപറേഷൻ ഭരണസമിതി നാടിന് ചരിത്ര നേട്ടം സമ്മാനിക്കുന്നത്. ജനസാന്ദ്രത ഏറെയുള്ള തീരദേശ മേഖലയിൽ പൊതുജനങ്ങളുടെ കായികവും ആരോഗ്യപരവുമായ ഉണർവിന് കരുത്തേകുന്ന ഇടപെടലാണ് കോർപറേഷൻ വിജയകരമായി പൂർത്തിയാക്കുന്നത്.









0 comments