ചുരത്തിലെ മരം മുറിച്ചു

താമരശേരി ചുരത്തിൽ ഒമ്പതാംവളവിന് സമീപത്ത് അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റി. കനത്ത മഴയെത്തുടർന്ന് വേരിന്റെ ഭാഗത്തെ മണ്ണ് ഇളകി ഇടിയുകയും അടിഭാഗത്തെ പാറക്കല്ലുകൾ റോഡരികിലേക്ക് പതിക്കുകയുംചെയ്തിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെ മണ്ണിടിച്ചിൽ ശക്തമായിരുന്നു. അടിവശത്തെ മണ്ണും കല്ലും ഇളകിമാറിയതിനാൽ മരം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായിരുന്നു. മരത്തിന്റെ അപകടാവസ്ഥ ചുരത്തിലെ സന്നദ്ധപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും വനംവകുപ്പ് അധികൃതരുടെയും സാന്നിധ്യത്തിലാണ് മരം മുറിച്ചത്. ചുരത്തിലെ സാഹചര്യവും രാത്രിയിൽ മരംമുറിക്കാനുള്ള പ്രായോഗികബുദ്ധിമുട്ടും കണക്കിലെടുത്ത് വിദഗ്‌ധരായ തൊഴിലാളികളെ ഉപയോഗിച്ച് ചൊവ്വാഴ്‌ച രാവിലെ പത്തോടെയാണ് മരം മുറിച്ചത്. ഈ സമയത്ത് ചുരത്തിൽ ഇരുവശവും ഗതാഗതം നിരോധിച്ചു. ഒന്നര മണിക്കൂറിനുശേഷം 11.30ടെയാണ് മരം പൂർണമായും മുറിച്ചുമാറ്റി റോഡിൽനിന്ന് കഷ്‌ണങ്ങൾ ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.









0 comments