വി എസ് പങ്കെടുത്ത കേരളത്തിലെ അവസാന പാർടി കോൺഗ്രസ്

പി കെ സജിത്
Published on Jul 22, 2025, 01:52 AM | 1 min read
കോഴിക്കോട്: സമരസ്‌മൃതിയുടെ നിലയ്‌ക്കാത്ത ഊർജവുമായാണ് സിപിഐ എമ്മിന്റെ 20–-ാം പാർടി കോൺഗ്രസിൽ പങ്കെടുക്കാൻ വി എസ് അച്യുതാനന്ദൻ കോഴിക്കോട്ടെത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ തൊഴിലാളി വർഗ പോരാട്ടത്തിന്റെ ചുവപ്പ് പടർത്തിയ പുന്നപ്ര–-വയലാർ രണധീരരുടെയും പി കൃഷ്‌ണപിള്ളയടക്കമുള്ള നേതാക്കളുടെയും ഓർമകളിരമ്പുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽവച്ച് സമ്മേളന നഗരിയിൽ ഉയർത്താനുള്ള ചെമ്പതാക കൈമാറിയതും വി എസ് ആയിരുന്നു.
കേരളത്തിൽ വി എസ് പങ്കെടുത്ത അവസാനത്തെ പാർടി കോൺഗ്രസായിരുന്നു കോഴിക്കോട്ടേത്. സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സെമിനാറിൽ പങ്കെടുക്കാൻ സമ്മേളനം ആരംഭിക്കുന്നതിനുമുമ്പേ കോഴിക്കോട്ട് എത്തിയിരുന്നു. സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് വി എസ് നടത്തിയ പ്രസംഗം ഇന്നും കോഴിക്കോട്ടുകാരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. മുതലാളിത്ത ആർത്തിയാണ് പരിസ്ഥിതിയെ തകർക്കുന്നതെന്ന വാക്കുകൾ ടൗൺഹാളിലെ നിറഞ്ഞുകവിഞ്ഞ ജനസഞ്ചയം നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത് ‘‘അമിതലാഭം നേടാനുള്ള ആഗോള മുതലാളിത്തത്തിന്റെ ആർത്തിയാണ് ഭൂമിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നത്.
പാരിസ്ഥിതിക മൗലികവാദത്തിനല്ല ശാസ്‌ത്രീയമായ പരിസ്ഥിതി സംരക്ഷണത്തിനാണ് ഊന്നൽ നൽകേണ്ടത്. ദോഷമോ ഭവിഷ്യത്തുകളോ ഇല്ലാത്തതും ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്നതും നോക്കിയാവണം പുതിയ പദ്ധതികൾ തുടരേണ്ടത്’’–- വി എസ് അന്ന് പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദർശനം കാണാനും വി എസ് എത്തി. പുന്നപ്ര വയലാർ സമരം ചിത്രീകരിച്ച പവിലിയനിൽ എത്തിയപ്പോൾ സമരനായകനായ അദ്ദേഹം ഒരുനിമിഷം നിന്നു. പഴയ പോരാട്ടത്തിന്റെ പ്രതീകമായി ചരിത്രനഗരിയിൽ ഒരുക്കിയ നിശ്ചലദൃശ്യത്തിന് മുമ്പിൽ വികാരാതീതനായ രംഗത്തിന് സാക്ഷിയായത് നിരവധി പേർ. 23–-ാം പാർടി കോൺഗ്രസിന് കണ്ണൂർ ആതിഥ്യമരുളിയപ്പോൾ ആരോഗ്യകാരണങ്ങളെ തുടർന്ന് വി എസ് പങ്കെടുത്തിരുന്നില്ല. ഇതിനുമുമ്പ് പാലക്കാട്ടും കൊച്ചിയിലും നടന്ന പാർടി കോൺഗ്രസുകളിൽ സജീവസാന്നിധ്യമായിരുന്നു വി എസ്.









0 comments