"ഒരു തൈ നടാം' ക്യാമ്പയിൻ

പച്ച പുതയ്‌ക്കാൻ നാട്‌

"ഒരു തൈ നടാം' ക്യാമ്പയിൻ
വെബ് ഡെസ്ക്

Published on Jul 23, 2025, 12:33 AM | 1 min read

കോഴിക്കോട്‌ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും പരിസ്ഥിതി സംരക്ഷണത്തിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഒരു തൈ നടാം’ വൃക്ഷവൽക്കരണ ക്യാമ്പയിൻ പാതി പിന്നിടുമ്പോൾ കോഴിക്കോട്‌ ജില്ലയിൽ നട്ടത്‌ 2.77 ലക്ഷം തൈകൾ. ജൂൺ അഞ്ച്‌ പരിസ്ഥിതി ദിനം മുതൽ സെപ്‌തംബർ 30 വരെയുള്ള കാലയളവിൽ ജില്ലയിൽ 5,14,100 തൈകൾ നടാനാണ്‌ ലക്ഷ്യമിട്ടത്‌. ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിനിലൂടെ പൊതു–-സ്വകാര്യ ഭൂമിയിലാണ്‌ പച്ചപ്പ്‌ ഒരുക്കുന്നത്‌. സ്‌കൂൾ കുട്ടികൾ, കോളേജ്‌ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ, ഹരിതകർമസേന പ്രവർത്തകർ, സർക്കാർ ജീവനക്കാർ, റസിഡന്റ്‌സ്‌ അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, സാമൂഹ്യ–- രാഷ്‌ട്രീയ സംഘടനകൾ തുടങ്ങിയവയെല്ലാം ചേരുന്ന ക്യാമ്പയിനിലൂടെയാണ്‌ തൈകൾ ശേഖരിച്ച്‌ നടുന്നത്‌. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനതലത്തിലും ജില്ലാ തലത്തിലുമാണ്‌ പ്രവർത്തനങ്ങളുടെ ഏകോപനം. സ്വകാര്യ ഭൂമിയിൽ 2,66,412 തൈകളും പൊതുഭൂമിയിൽ 11,049 തൈകളുമാണ്‌ നട്ടത്‌. 3382.75 സെന്റ്‌ ഭൂമിയിലായാണ്‌ പച്ചപ്പ്‌ നാമ്പിടുന്നത്‌. ജനകീയ കൂട്ടായ്‌മയിൽ 2,45,470 തൈകൾ ശേഖരിക്കാനായി. കൃഷിവകുപ്പ്‌ ഉൾപ്പെടെയുള്ള ഏജൻസികൾ വഴി 87,076 തൈകളും ശേഖരിച്ചു. ക്യാമ്പയിൻ പാതി പിന്നിടുമ്പോൾ ലക്ഷ്യമിട്ടതിന്റെ 53. 97 ശതമാനം വിജയം നേടാനായി. പഞ്ചായത്തുകളിൽ പൊതുജനങ്ങളിൽനിന്ന്‌ ചുരുങ്ങിയത്‌ 5000 തൈകളും നഗരസഭകളിൽ 10,000 തൈകളും ജനകീയമായി ശേഖരിക്കണമെന്നാണ്‌ നിർദേശം. ഇതിനായി മെയ്‌ മാസം മുതൽ വിപുലമായ സംഘാടനമാണ്‌ ജില്ലയിൽ നടന്നത്‌. യോഗങ്ങൾ, സ്ഥാപനങ്ങളിൽ സന്ദർശനം, ഏകോപനം തുടങ്ങിയവ പുരോഗമിക്കുകയാണ്‌. നടുന്ന തൈകളുടെ പരിപാലനം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, കർഷകർ തുടങ്ങിയവർ അംഗങ്ങളായി പരിപാലന സമിതിയും രൂപീകരിച്ചിട്ടുണ്ട്‌. സ്‌കൂളുകളിൽ ചങ്ങാതിക്കൊരു തൈ എന്ന പേരിൽ വൃക്ഷത്തൈ കൈമാറ്റവും സംഘടിപ്പിക്കുന്നു. മാതൃകാ ടൗണുകളൊരുക്കി വൃക്ഷവൽക്കരണ ക്യാമ്പയിൻ സജീവമാക്കുന്നുമുണ്ട്‌. സംസ്ഥാനത്താകെ ഒരു കോടി വൃക്ഷത്തൈകൾ നടാനാണ്‌ ലക്ഷ്യമിടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home