മാങ്കാവ്–മേത്തോട്ടുതാഴം റോഡ്:
ഭൂമിയുടെ രേഖ കൈമാറി

മാങ്കാവ്-–മേത്തോട്ടുതാഴം പുതിയ റോഡിനായി കോർപറേഷൻ വാങ്ങിയ ഭൂമിയുടെ രേഖ, റവന്യു വകുപ്പിൽനിന്ന് ഏറ്റുവാങ്ങുന്ന ചടങ്ങ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
മാങ്കാവ് മിനി ബൈപാസിനെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന മാങ്കാവ്–മേത്തോട്ടുതാഴം റോഡിനായി കോഴിക്കോട് കോർപറേഷൻ വാങ്ങിയ ഭൂമിയുടെ രേഖ, റവന്യു വകുപ്പിൽനിന്ന് ഏറ്റുവാങ്ങുന്ന ചടങ്ങ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നഗരത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ വികസന സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെടുന്നതെന്നും പതിറ്റാണ്ടുകളായി സാധിക്കാതെപോയ പദ്ധതിയാണ് നടപ്പാവുന്നതെന്നും മന്ത്രി പറഞ്ഞു. റോഡിനായുള്ള ഭൂമി ഏറ്റെടുക്കലിന് നിരന്തരം പിന്തുണ നൽകിയ കോർപറേഷനെ മന്ത്രി അഭിനന്ദിച്ചു. ഏകദേശം രണ്ടര കിലോമീറ്റർ ദൈർഘ്യത്തിൽ 18 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. ഇതിനായി ആകെ 240 കൈവശക്കാരിൽനിന്ന് 9.12 ഏക്കർ 31,04,60,996 രൂപ നൽകിയാണ് കോർപറേഷൻ ഏറ്റെടുത്തത്. മാങ്കാവ്–-മീഞ്ചന്ത ബൈപാസിന് സമീപം കെ കെ രാമൻ റോഡിൽനിന്നാരംഭിക്കുന്ന റോഡ് ഗോകുലം പബ്ലിക് സ്‌കൂളിന് മുന്നിലൂടെ കടന്നുപോയി കുഞ്ഞുണ്ണി മേനോൻ റോഡിലൂടെ മേത്തോട്ടുതാഴം ജങ്ഷനിൽ എത്തും. മേത്തോട്ടുതാഴം, കൊമ്മേരി, മാങ്കാവ് പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘ കാലത്തെ ആവശ്യമാണ് നടപ്പാക്കുന്നത്. ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ മുഖ്യാതിഥിയായി. വികസന സ്ഥിരംസമിതി അധ്യക്ഷ ഒ പി ഷിജിന റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എസ് ജയശ്രീ, പി കെ നാസർ, കൗൺസിലർമാരായ കവിത അരുൺ, എം സി അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതം പറഞ്ഞു.









0 comments