കളിക്കളമികവിൽ കായക്കൊടി

കോവുക്കുന്നിൽ നിർമിച്ച കളിസ്ഥലം
കായക്കൊടി
കെ ടി അശ്വിൻകുമാർ
കായക്കൊടി ഈ നാട്ടിലെ ഞങ്ങൾ കുട്ടികളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു കളിക്കാൻ നല്ലൊരു ഗ്രൗണ്ട് വേണമെന്നത്. അത് നടത്തിത്തന്ന പഞ്ചായത്തിനോട് നന്ദിയുണ്ട്. ഇതുപറയുന്പോൾ കോവുക്കുന്നിലെ വിദ്യാർഥിയായ എസ് ബി ശ്രാവണിന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു. ഗ്രൗണ്ട് ഉണ്ടാക്കിയശേഷം പ്രദേശത്തെ കുട്ടികളെല്ലാം വൈകിട്ട് ഫുട്ബോളും ക്രിക്കറ്റും കളിക്കുന്നത് ഒരു സ്ഥിരം കാഴ്‌ചയാണെന്ന് നാട്ടുകാരും പറയുന്നു. പുതുതലമുറയ്‌ക്കായി കളിക്കളങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായി കോവുക്കുന്നിൽ 1.74 ഏക്കർ സ്ഥലം വിലയ്‌ക്ക് വാങ്ങുകയും 74 ലക്ഷം രൂപ ചെലവഴിച്ച് കളിക്കളം നിർമിക്കുകയും ചെയ്തു. ഇതിന്റെ ചുവട് പിടിച്ചു കരിമ്പാലക്കണ്ടിയിൽ 10 ലക്ഷം രൂപ ചെലവിൽ സ്റ്റേഡിയം നിർമിക്കാനുള്ള ടെൻഡർ നടപടികളും പൂർത്തിയാക്കി. കണയംകോട് വാർഡിലെ കുരുവൻതോടിത്തറയിലും കളിസ്ഥലം വാങ്ങാൻ നടപടി തുടങ്ങി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കളിസ്ഥലങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. കോവുക്കുന്നിലെ എ കെ ജി വായനശാല വിദ്യാർഥികൾക്കും യുവജനങ്ങൾക്കും അറിവിന്റെ കേന്ദ്രമായി മാറി. സ്മാർട്ട് അങ്കണവാടികൾ പഞ്ചായത്തിലെ 26 അങ്കണവാടികളും സ്മാർട്ടാക്കാനും ശിശു സൗഹൃദ കേന്ദ്രങ്ങളാക്കാനും കഴിഞ്ഞു. കൂട്ടൂർ വാർഡിൽ 30 ലക്ഷം രൂപ ചെലവഴിച്ച് മികച്ച സൗകര്യങ്ങളുള്ള കെട്ടിടം നിർമിച്ചു. മുഴുവൻ അങ്കണവാടികളിലും കുടിവെള്ളവും ലഭ്യമാക്കി. ലൈഫിലും മികവ് പഞ്ചായത്തിലെ ലൈഫ് പദ്ധതി പ്രകാരം അപേക്ഷിച്ച 50 കുടുംബങ്ങൾ പുതിയ വീട്ടിൽ താമസമാക്കി. 94 വീടുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു. 187 കുടുംബങ്ങളുടെ എഗ്രിമെന്റ് വച്ചു. കുടിവെള്ള ലഭ്യത പഞ്ചായത്തിലെ 5000–ത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കി. നിടുമണ്ണൂർ കുടിവെള്ള പദ്ധതി, കുഴിപ്പാട്ട് -ഇരൂളാം പദ്ധതി, പാലോളി -മാവിലപ്പാടി, ചേറ്റുവയൽ, നെല്ലിലായ്, കരിങ്ങാട്- മുണ്ടിയോട് തുടങ്ങിയ കുടിവെള്ള പദ്ധതികൾ കൂടാതെ, ജലജീവൻ മിഷൻ പദ്ധതി പ്രകാരവും ജലനിധി പുനരുദ്ധാരണ പദ്ധതി പ്രകാരവും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാക്കി. സമ്പൂർണ ശുചിത്വം പൊതുസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, തെരുവുകൾ തുടങ്ങിയ ഇടങ്ങളെല്ലാം മാലിന്യമുക്തമാക്കി. എംസിഎഫ് കെട്ടിടവും, വാർഡുകൾ തോറും മിനി എംസിഎഫുകളും, ബോട്ടിൽ ബൂത്തുകൾ, വീടുകളിൽ ജൈവമാലിന്യ കമ്പോസ്റ്റ് റിങ്ങുകൾ തുടങ്ങിയവ സ്ഥാപിച്ചു. 31 ഹരിത കർമസേന അംഗങ്ങൾ വീടുകളിൽനിന്നും കടകളിൽനിന്നും വാതിൽപടി ശേഖരണവും നടത്തിവരികയാണ്. പഞ്ചായത്തിലെ പ്രധാന അങ്ങാടികളായ ദേവർകോവിൽ, തളീക്കര, കായക്കൊടി, നീലേച്ചുകുന്ന് എന്നിവ ശുചിത്വ സുന്ദര അങ്ങാടികളാക്കി. പുതിയ എംസിഎഫ് നിർമിക്കാനായി 80 ലക്ഷം രൂപ വകയിരുത്തി. വളരുന്ന കാർഷിക മേഖല ശാസ്ത്രീയമായ കൃഷി രീതിയിലൂടെ ഉൽപ്പാദനരംഗത്ത് വളർച്ചയുണ്ടാക്കി. തെങ്ങ്, കവുങ്ങ് കൃഷി വ്യാപനത്തിന് പ്രാധാന്യം നൽകി. വ്യത്യസ്‌തയിനം വാഴക്കന്നുകൾ വിതരണം ചെയ്ത് വിളവ് വർധിപ്പിച്ചു. കാർഷിക കൂട്ടായ്മകൾ സൃഷ്ടിച്ച് പച്ചക്കറി കൃഷി വിപുലപ്പെടുത്തി. വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരെ കാർഷിക മേഖലയിലേക്കടുപ്പിക്കാനും ആഘോഷവേളകളിൽ കൃഷിക്കാരിൽനിന്ന് വിളകൾ വാങ്ങി വിലകുറച്ച് ജനങ്ങൾക്ക് വിൽക്കാനുമായി. അതിദാരിദ്ര്യമുക്തം പഞ്ചായത്ത് ജനകീയ സർവേയിലൂടെ കണ്ടെത്തിയ 52 ദരിദ്ര കുടുംബങ്ങളുടെ വിവിധ ആവശ്യങ്ങളായ വീട് തുടങ്ങിയവ ലഭ്യമാക്കി അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു. പശ്ചാത്തല മേഖലയിൽ മുന്നേറ്റം പഞ്ചായത്തിലെ 394 ഗ്രാമീണ റോഡുകളുടെ എഴുപത് ശതമാനവും ഗതാഗതയോഗ്യമാക്കി. പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുംവിധം മലയോര ഹൈവേയുടെ പ്രവർത്തനം പൂർത്തീകരണ ഘട്ടത്തിലാണ്. വണ്ണാത്തിപൊയിലിൽ നിന്നാരംഭിച്ച് ഐക്കൽ വരെയും, കായക്കൊടി നിന്നാരംഭിച്ച് വാളക്കയം വരെയും മലയോര ഹൈവേ പ്രവൃത്തി പൂർത്തിയാക്കി. ഐക്കൽ താഴെമുതൽ കായക്കൊടി വരെയുള്ള ഭാഗത്തെ പ്രവൃത്തിക്കായി 10.34 കോടി രൂപയുടെ ടെൻഡർ നടപടി അന്തിമഘട്ടത്തിലാണ്. മൊകേരിനിന്ന് ചങ്ങരംകുളംവഴി കായക്കൊടി എത്തിച്ചേരുന്ന റോഡും കോവുക്കുന്ന് വഴി കായക്കൊടി എത്തിച്ചേരുന്ന റോഡും ഗതാഗത മേഖലയിൽ പുതിയ മുന്നേറ്റമുണ്ടാക്കി. കുറ്റ്യാടി ടൗണിനെ ഒഴിവാക്കി വടകര ഭാഗത്തേക്ക് പോകുന്ന ബദൽ പാതയായ 12 മീറ്റർ വീതിയിൽ നിർമിക്കുന്ന ഓത്യോട്ട് ബൈപാസിനായി 13 കോടി രൂപ വകയിരുത്തി. ഒരു കോടി രൂപ ചെലവഴിച്ച് കരണ്ടോട് ഗവ. എൽപി സ്കൂൾ കെട്ടിടം നിർമിച്ചു. തളീക്കരയിൽ 50 ലക്ഷം രൂപ ചെലവിൽ പട്ടികജാതി-–വർഗ തൊഴിൽ പരിശീലന കേന്ദ്രവും, കോവുക്കുന്നിൽ 21 ലക്ഷം രൂപ ചെലവിൽ ജീവിതശൈലീ രോഗ നിർണയ സെന്ററും യാഥാർഥ്യമാക്കി. വയോജന സൗഹൃദം വയോജനങ്ങൾക്കായി കണയംകോട് വാർഡിൽ 20 ലക്ഷം രൂപ ചെലവഴിച്ച് വയോജന പാർക്ക് യാഥാർഥ്യമാക്കി. ആരോഗ്യരംഗത്ത് മികവ് കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർമാരുടെ സേവനവും ലാബ്, ഫാർമസി, പാലിയേറ്റീവ് സേവനങ്ങളും ഉറപ്പാക്കി. 85 ലക്ഷം രൂപ ചെലവഴിച്ച് മികച്ച സൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടവും നിർമിച്ചു.









0 comments