കാടൊരുങ്ങുന്നു, സഞ്ചാരികൾക്കായി

ചാലിയത്ത് നഗരവനം പദ്ധതിയിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന സ്ഥലം
മനാഫ് താഴത്ത്
ഫറോക്ക്
സ്വാഭാവിക വനത്തിന്റെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയ ഒരുവനമേഖല രൂപപ്പെടുകയാണ് ചരിത്ര പ്രസിദ്ധമായ ചാലിയം തീരത്ത്. നഗരങ്ങളിലും പരിസരങ്ങളിലും ലഭ്യമായ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ എല്ലാ സവിശേഷങ്ങളുമുള്ള ഒരുകൊച്ചുവനം പുനഃസൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന നഗരവനം പദ്ധതിയുടെ ഭാഗമായി "പരിസ്ഥിതി ടൂറിസം’ പദ്ധതികളുംകൂടി നടപ്പാക്കുകയാണിവിടെ. വനം വകുപ്പിന് കീഴിൽ ചാലിയത്തുള്ള "ഹോർത്തൂസ് മലബാറിക്കസ് സസ്യസർവസ്വം’ കേന്ദ്രീകരിച്ച് കേന്ദ്ര സഹായത്തോടെ മൂന്നുകോടിയുടെ ബഹുമുഖ പദ്ധതിയാണ് വനംവകുപ്പ് നടപ്പാക്കുന്നത്. മൂന്നര ഏക്കറോളം രണ്ട് മേഖലകളാക്കിത്തിരിച്ച് ഫലവൃക്ഷങ്ങൾ ഉൾപ്പെടെ വച്ചുപിടിപ്പിച്ച് വനം ഒരുക്കുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി മൂവ്വായിരത്തോളം തൈകൾ നട്ടിരുന്നു. പ്രതികൂല കാലാവസ്ഥ അതിജീവിക്കാനാവാത്ത തൈകൾക്കുപകരം പരിസ്ഥിതിദിനത്തിൽ പുതിയ വൃക്ഷതൈകൾ നടും. ഹോർത്തൂസ് മലബാറിക്കസ് ഔഷധ ഉദ്യാനം ഉൾപ്പെടെ ചരിത്രസ്മാരകങ്ങൾ ഏകോപിപ്പിച്ചുള്ള പദ്ധതിയിൽ മലബാറിക്കസ് ഉദ്യാനം നവീകരണം, തടി ഡിപ്പോ ഓഫീസ്, ടിക്കറ്റ് കൗണ്ടര്‍, പ്രവേശന കവാടം, മോഡേണ്‍ ടിമ്പര്‍ സ്‌റ്റോക്ക് യാര്‍ഡ്, കാവ്, ഇക്കോ സ്റ്റഡി സെന്റര്‍ തുടങ്ങിയ പൂർത്തിയാക്കി. കേരളത്തിലെ ആദ്യ റെയിൽവേ സ്‌റ്റേഷനുകളിലൊന്നായ ചാലിയത്ത് ബ്രിട്ടീഷ് നിർമിത സ്റ്റേഷൻ മാതൃകയിൽ മ്യൂസിയം, സൈക്കിൾ -ജോഗിങ് പാത, കുട്ടികളുടെ ഉദ്യാനം, കളിസ്ഥലം, തുറന്ന വ്യായാമകേന്ദ്രം, കഫ്തീരിയ, ശുചിമുറികൾ എന്നിവയാണ് രണ്ടാംഘട്ടത്തിൽ വരുന്നത്. കടലുണ്ടി കമ്യൂണിറ്റി റിസർവിലേക്ക് വെള്ളത്തിലൂടെയുള്ള നടപ്പാത, ഫ്ലോട്ടിങ് ജെട്ടി എന്നിവയടക്കം 1.20 കോടിയുടെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.









0 comments