ജില്ലയുടെ സ്പീഷീസ് പ്രഖ്യാപനം നടത്തി
അതിരാണി ജില്ലയുടെ പുഷ്പം; പക്ഷി മേനിപ്പൊന്മാന്‍

ജൈവവൈവിധ്യ പ്രഖ്യാപനം മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
സംസ്ഥാനത്തെ ആദ്യ ജനകീയ ജൈവവൈവിധ്യ പ്രഖ്യാപനം കോഴിക്കോടിന് സ്വന്തം. ജില്ലയുടെ പുഷ്പമായി അതിരാണിയെയും (മെലസ്ടൊമ മലബത്രികം) പക്ഷിയായി മേനിപ്പൊന്മാനെയും (സെയിക്സ് എരിതാക്ക) ശലഭമായി മലബാർ റോസിനെയും (പാച്ച്ലിയോപ്ട പാണ്ടിയാന) വൃക്ഷമായി ഈയ്യകത്തെയും (ഹോപ്പിയ ഇറോസ) പൈതൃക വൃക്ഷമായി ഈന്തിനെയും (സയ്ക്കാസ് സിർസിനാലിസ്) ജലജീവിയായി നീർനായയെയും (ലുട്‌റോഗാലെ പെർസ്പിസില്ലാറ്റ) മത്സ്യമായി പാതാള പൂന്താരകനെയും (പാൻചിയോ ഭൂചിയ) മൃഗമായി ഈനാംപേച്ചിയെയും (മാനിസ് ക്രാസികൗഡാറ്റ) പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, വിദഗ്ധസമിതികൾക്ക് രൂപം നൽകിയാണ് സ്പീഷീസുകളെ തെരഞ്ഞെടുത്തത്. ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി (ബിഎംസി) യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽനിന്ന് നാമനിർദേശം സ്വീകരിച്ച് വിശദമായ വിശകലനത്തിന് ശേഷമാണ് പ്രഖ്യാപനം. സംസ്ഥാന ജൈവവൈവിധ്യ ബോർഡാണ് അന്തിമപട്ടിക തയ്യാറാക്കിയത്. ശുദ്ധജലവും ഭക്ഷണവും ആരോഗ്യകരമായ ജീവിതാന്തരീക്ഷവും ഉറപ്പാക്കാൻ കൂട്ടായ പരിശ്രമങ്ങളിലൂടെ സാധിക്കണമെന്ന് ഓൺലൈനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്‌ത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
സമുദ്ര കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. മേയർ ബീന ഫിലിപ്പ്, അഹമ്മദ് ദേവർകോവിൽ എംഎൽഎ, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ കീർത്തി, ഡോ. എൻ അനിൽകുമാർ, ഡോ. വി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ വി റീന, വി പി ജമീല, പി പി നിഷ, പി സുരേന്ദ്രൻ, അംഗങ്ങളായ ഐ പി രാജേഷ്, പി സുരേന്ദ്രൻ, എം പി ശിവാനന്ദൻ, നാസർ എസ്റ്റേറ്റ്മുക്ക് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്- പ്രസിഡന്റ് പി ഗവാസ് സ്വാഗതവും ഡോ. കെ പി മഞ്ജു നന്ദിയും പറഞ്ഞു.









0 comments