അഖിലേന്ത്യാ പണിമുടക്ക്
ജില്ല നിശ്ചലമാവും

അഖിലേന്ത്യാ പണിമുടക്ക്
കോഴിക്കോട്
സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഒമ്പതിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ വൻ വിജയമാക്കാൻ തൊഴിലാളികൾ. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ നിർമാണ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, മൺപാത്ര തൊഴിലാളികൾ, പാചകത്തൊഴിലാളികൾ, ഓട്ടോ–-ടാക്‌സിതൊഴിലാളികൾ, ബസ് തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ തുടങ്ങി സമസ്‌ത മേഖലയിലുമുള്ളവർ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ ജില്ല നിശ്ചലമാവും. പണിമുടക്കിയ തൊഴിലാളികൾ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിക്കും. നഗരത്തിൽ ആദായനികുതി ഓഫീസിലേക്കും അതത് പഞ്ചായത്ത് കേന്ദ്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ ഓഫീസുകളിലേക്കുമാണ് പ്രതിഷേധം.
പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിലെങ്ങും ഊർജിതമാണ്. കാലാവസ്ഥ പ്രതികൂലമായിട്ടും പ്രചാരണ ജാഥയിലും സ്വീകരണകേന്ദ്രങ്ങളിലും വൻപങ്കാളിത്തമാണുള്ളത്.
വ്യവസായ തർക്കനിയമം ബാധകമായ എല്ലാ സ്ഥാപനങ്ങളിലും യൂണിയനുകൾ പണിമുടക്ക് നോട്ടീസ് നൽകി. പണിമുടക്ക് പ്രചാരണാർഥമുള്ള വിളംബര ജാഥകൾക്ക് തുടക്കമായി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഏഴുവരെ വിളംബരജാഥ നടക്കും. ആറ്, ഏഴ് തീയതികളിൽ തൊഴിലാളി സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ തൊഴിലാളികളോടും വ്യാപാരികളോടും പണിമുടക്കിൽ പങ്കെടുക്കാൻ അഭ്യർഥിക്കും. എട്ടിന് വൈകിട്ട് ആയിരം കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തും. തൊഴിലാളി വിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്‌തി വിൽപ്പനയും സ്വകാര്യവൽക്കരണവും ഉപേക്ഷിക്കുക, തൊഴിലില്ലായ്‌മ ഇല്ലാതാക്കുക, പ്രതിമാസ മിനിമംവേതനം 26,000 രൂപ നൽകുക, പഴയ പെൻഷൻ സ്ഥാപിക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, ഇപിഎഫ് പെൻഷൻ 9,000 രൂപയാക്കി വർധിപ്പിക്കുക തുടങ്ങി പതിനേഴിന ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാ മേഖലയിലെയും തൊഴിലാളികൾ രംഗത്തിറങ്ങണമെന്ന് ട്രേഡ് യൂണിയൻ സംയുക്തസമിതി അഭ്യർഥിച്ചു.









0 comments