കല്ലായിയിൽ വിമതനായി സുധീപ്
കോർപറേഷൻ യുഡിഎഫ് മോഹിക്കേണ്ട

കല്ലായി വാർഡിലെ യുഡിഎഫ് വിമത സ്ഥാനാർഥി സുധീപ്
കോഴിക്കോട്
കോർപറേഷൻ ഒരുകാലത്തും യുഡിഎഫ് മോഹിക്കേണ്ട, പ്രതിപക്ഷത്തുപോലും ഉണ്ടാവില്ല എന്ന സ്ഥിതിയിലേക്കാണ് നിലവിൽ പോകുന്നത്. വലിയ തിരിച്ചടിയാകും ഇക്കുറി യുഡിഎഫിനെന്നും കോർപറേഷൻ കല്ലായി വാർഡിലെ യുഡിഎഫ് വിമത സ്ഥാനാർഥി തിരുവണ്ണൂർ പിണ്ണാണത്ത് സുധീപ് പറഞ്ഞു. പ്രവർത്തകരെ മാനിക്കാത്ത ഡിസിസിക്കും മണ്ഡലം നേതൃത്വത്തിനും എതിരായ പ്രതിഷേധമാണ് തന്റെ സ്ഥാനാർഥിത്വം. പാർടിക്കുള്ളിൽനിന്നും പലരും പിന്തുണ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽനിന്നും പന്മാറില്ല. കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നം രൂക്ഷമാണ്. നിലവിലെ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് ഉത്തരവാദികൾ. ഇവർക്ക് ആര് പാർടി വിട്ടുപോയാലും പ്രശ്‌നമില്ല. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി സംഘിയാക്കുന്നു. കല്ലായി വാർഡിൽ വിഐപി സ്ഥാനാർഥിയായാണ് വി എം വിനുവിനെ കൊണ്ടുവന്നത്. അയാൾ ഉറച്ച കോൺഗ്രസുകാരനാണെന്ന് തോന്നിയിട്ടില്ല. ഡിസിസി പ്രസിഡന്റിന്റെ അടുത്ത ആളായിട്ടും വോട്ട് ഉണ്ടോ എന്ന് പരിശോധിക്കാനുള്ള സാമാന്യയുക്തി കാട്ടിയില്ല. ബൂത്ത് പ്രസിഡന്റുമാരുടെ അടുത്തും ആലോചിച്ചില്ല. കല്ലായി കോൺഗ്രസിന്റെ ഉറച്ച സീറ്റൊന്നുമല്ല. വെറും 166 വോട്ടിനാണ് കഴിഞ്ഞതവണ ജയിച്ചത്. ഉറച്ച സീറ്റാണെന്ന് ഏങ്ങനെയാണ് പറയുക. ഒരു പാർടിയുടെയും കുത്തകയല്ല കല്ലായി. മുമ്പ് സിപിഐ എം ജയിച്ചിട്ടുണ്ട്. വി എം വിനുവിന് പകരം ഒരു സുപ്രഭാതത്തിൽ ബൈജു കാളക്കണ്ടിയെയും അവതരിപ്പിക്കുകയായിരുന്നു. വിവരം സമൂഹമാധ്യമത്തിലൂടെയാണ് പ്രവർത്തകർ അറിഞ്ഞത്. മറ്റ് പേരുകൾ ഉയർന്നുവന്നിട്ടും പരിഗണിച്ചില്ല. പ്രാദേശിക വികാരം മാനിക്കുന്നില്ല. കൂടിയാലോചനയുമില്ല. നേതൃത്വം പലരെയും കൊണ്ടുവരികയാണ്. അവരെ ഏറ്റെടുത്ത് മുന്നോട്ട് പോകേണ്ടിവരികയാണ്. വേറെ നിവൃത്തിയില്ല എന്ന് മുതിർന്ന പല നേതാക്കളും പറഞ്ഞു. അങ്ങനെ മുന്നോട്ടുപോകാൻ സാധ്യമല്ല എന്നതിനാലാണ് മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും സുധീപ് പറഞ്ഞു.









0 comments