പുകയിൽ മുങ്ങി നഗരം

അഗ്നിബാധയെ തുടർന്ന് നഗരത്തില്‍ പുക പടര്‍ന്നപ്പോള്‍
കോഴിക്കോട് കോഴിക്കോട് ഇക്കാലമത്രയും കാണാത്ത വലിയ അഗ്‌നിബാധയെ തുടർന്ന് കറുത്ത പുകയിൽ മുങ്ങി നഗരം. വൈകിട്ട് 4.30ഓടെ പുതിയ ബസ് സ്‌റ്റാൻഡിലെ കലിക്കറ്റ് ടെക്സ്റ്റൈല്‍സ് മൊത്തവ്യാപാരകേന്ദ്രത്തിലെ ഗോഡൗണിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് ഘട്ടംഘട്ടമായി കടയുടെതന്നെ മറ്റിടങ്ങളിലേക്കും പടർന്നതോടെ അന്തരീക്ഷമാകെ കറുത്ത പുക നിറഞ്ഞു. ആദ്യം മാവൂർ റോഡ് ഭാഗത്തുമാത്രമായി ഉയർന്നിരുന്ന പുക സമീപ പ്രദേശത്തെല്ലാം വ്യാപിച്ചു. മണിക്കൂറുകളോളം നഗരമാകെ ആധിയുടെ പുകയില്‍ നിറഞ്ഞു. കൂടുതലും വസ്‌ത്രങ്ങളും പ്ലാസ്‌റ്റിക്കുമായതിനാൽ കറുത്ത പുകയ്‌ക്കൊപ്പം രൂക്ഷമായ ഗന്ധവും അസഹനീയമായി. മേഘാവൃതമായ മാനത്ത് കറുത്ത പുകയും ഉയർന്നതോടെ ആകെ ഇരുണ്ട അന്തരീക്ഷമായിരുന്നു. ചിലർക്ക് പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. എങ്കിലും അപകടമുണ്ടായ ഉടൻ സംഭവസ്ഥലത്തുനിന്ന് പൊലീസ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകി ആളുകളെ മാറ്റിയതിനാൽ കൂടുതൽ പ്രശ്‌നങ്ങളുണ്ടായില്ല. ബീച്ച് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിൽനിന്നെല്ലാം പുക നിറഞ്ഞ ആകാശം ദൃശ്യമായിരുന്നു.









0 comments