ചെറുവണ്ണൂർ ജങ്ഷനിൽ വൻ തീപിടിത്തം
വ്യാപാരസ്ഥാപനം പൂർണമായും നശിച്ചു

ചെറുവണ്ണൂർ ജങ്ഷനിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചപ്പോൾ
ഫറോക്ക് ചെറുവണ്ണൂർ ജങ്ഷനിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കടമുറികളും മേൽഭാഗവും ഉൾപ്പെടെ മൊത്ത വ്യാപാര സ്ഥാപനം പൂർണമായും നശിച്ചു. ചെറുവണ്ണൂർ ജങ്ഷനിൽ ബിസി റോഡരികിൽ "നമ്പിലോളി സ്റ്റോഴ്സ്’ സ്റ്റേഷനറി ഉൾപ്പെടെ മൊത്തക്കച്ചവട സ്ഥാപനമാണ് കത്തിച്ചാമ്പലായത്. വെള്ളി പുലർച്ചെ രണ്ടോടെയാണ് സംഭവം. മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാസേനയുടെ മൂന്നു യൂണിറ്റ് എത്തി തീയണച്ചു. ചെറുവണ്ണൂർ മധുര ബസാറിന് സമീപം നമ്പിലോളിൽ കുഞ്ഞാലന്റെ ഉടമസ്ഥതയിലുള്ളതാണ് മിൽമ ഉൽപ്പന്നങ്ങളുടെ ഏജൻസി ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനം. മസ്ജിദ് കമ്മിറ്റിയുടെ കെട്ടിടത്തിലായുള്ള താഴെയുള്ള രണ്ടു മുറികളും മുകൾഭാഗവും പൂർണമായും കത്തിയമർന്നിരുന്നു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷട്ടറിന് പുറത്തേക്ക് പുക പടരുന്നതുകണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ അറിയിച്ചത്. തീപിടിത്തത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന വിവിധ സ്റ്റേഷനറി സാധനങ്ങൾ, ബേക്കറി - ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മിൽമ പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുൾപ്പെടെ നൂറുശതമാനം സാധ നങ്ങളും കത്തിയമർന്നു. 20 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി ഉടമ കുഞ്ഞാലൻ പറഞ്ഞു. സമീപത്തായി ഒന്നിച്ച് വ്യാപാര സ്ഥാപനങ്ങളുള്ളതിനാൽ മണിക്കൂറുകൾ വലിയ ആശങ്കയുണ്ടായെങ്കിലും കഠിനശ്രമത്തിലൂടെ സേന, തീ നിയന്ത്രിച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്. മീഞ്ചന്ത സ്റ്റേഷൻ ഓഫീസർ ഇ ശിഹാബുദ്ദീൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ കെ എം ബിജേഷ്, ടി ഇ ജിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.









0 comments