ആ കത്ത് ഇന്നും നിധിപോലെ...

വി എസിന്റെ 94–-ാം പിറന്നാൾ ആഘോഷത്തിന് സമ്മാനിച്ച വി എസ്സിനോളം പൊക്കമുള്ള ജന്മദിനം സീരിയൽ നമ്പർ വരുന്ന നോട്ടുകളുടെ ശേഖരം ഛായാചിത്രത്തോടൊപ്പം വി എസിന് സമ്മാനിച്ചപ്പോൾ (ഫയല്‍ ചിത്രം)
കോഴിക്കോട് ഗിന്നസ് ലത്തീഫ് ദുബായിൽ ജോലിചെയ്യുമ്പോഴാണ് വി എസിന്റെ 94–-ാം പിറന്നാൾ ആഘോഷം തിരുവനന്തപുരത്ത് നടക്കുന്നത്. ഇതറിഞ്ഞ ലത്തീഫ് പിറന്നാൾ ദിനത്തിന്റെ തലേന്ന് ദുബായിൽനിന്ന് കോഴിക്കോട്ടെത്തി, അവിടുന്ന് തിരുവനന്തപുരത്തേക്കും. പിറന്നാൾ ദിനത്തിൽ തിരുവനന്തപുരത്തെ വസതിയിലെത്തിയ ലത്തീഫ് വലിയ ഫ്രെയിമിൽ ഒരുക്കിയ വി എസിന്റെ ഒരു ചിത്രം സമ്മാനിച്ചു. ചിത്രം കണ്ട വി എസ് ആകാംക്ഷയോടെ ഏറെ നേരം നോക്കിനിന്നു. നൂറുകണക്കിന് പേർക്ക് ജന്മദിന നോട്ടുകൾ സമ്മാനിച്ച ലത്തീഫ് ഇത്രയും വലിയൊരു ഫ്രെയിം വി എസിനുമാത്രമാണ് സമ്മാനിച്ചത്. ലത്തീഫിന്റെ ശേഖരത്തിലെ അപൂർവത നിറഞ്ഞ നാണയങ്ങളും കറൻസികളും വി എസിനെ കാണിച്ചു. വളരെ സൂക്ഷ്മതയോടെ ഓരോ കറൻസിയും നോക്കിക്കണ്ട വി എസ് ഈ സന്തോഷം അറിയിച്ച് പിന്നീട് ലത്തീഫിന് കത്ത് അയച്ചു. ഇന്നും ഈ കത്ത് നിധിപോലെ ലത്തീഫ് സൂക്ഷിച്ചുവച്ചിട്ടുണ്ട്. കറൻസി ശേഖരം ഹോബിയാക്കിയ ലത്തീഫ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്. വി എസിനെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പല വ്യക്തിത്വങ്ങൾക്കും ലത്തീഫ് തന്റെ ശേഖരത്തിലെ ബർത്ത് ഡേ നോട്ട് സമ്മാനിച്ചിട്ടുണ്ട്.








0 comments