പാട്ടുകൾ വിരുന്നായി വീട്ടിലേക്ക്

വീടുകളിൽ സംഗീതം വിരുന്നെത്തുന്നു എന്ന പരിപാടിയിൽനിന്ന്
പി ചൗഷ്യാരാഗി
Published on Nov 03, 2025, 12:47 AM | 1 min read
കോഴിക്കോട്
പാട്ടിന്റെ ഇൗണത്തിൽ കുടുംബത്തെ കൂടുതൽ ബന്ധപ്പെടുത്താൻ പാട്ടുകൾ വീടുകളിലേക്ക് വിരുന്നെത്തുന്നു. ജില്ലയിലെ വിവിധ വീടുകളിൽ ഇതിനകം പരിപാടികൾ അവതരിപ്പിച്ചു. ഇതിനോടകം വലിയ സ്വീകാര്യതയാണ് കുടുംബങ്ങളിൽനിന്ന് ലഭിക്കുന്നത്. കുടുംബാംഗങ്ങളും അയൽക്കാരും സുഹൃത്തുക്കളുമെല്ലാമായി അമ്പതിലധികം സംഗീതപ്രേമികൾ ഓരോ സംഗീതവിരുന്നിലും പങ്കാളികളാകാറുണ്ട്. പാട്ട് വിരുന്ന് ഞായർ 25 വീടുകൾ പൂർത്തിയാക്കി. ചേവായൂരിൽ അക്ഷരയിൽ ശിവന്റെ വീട്ടിലായിരുന്നു 25ാമത്തെ പരിപാടി. പതിനായിരത്തിലധികം അംഗങ്ങൾ ഉള്ള 'പാട്ടിന്റെ ആസ്വാദകർ ഫേസ്ബുക്ക് ഗ്രൂപ്പ്' ആണ് "വീടുകളിൽ സംഗീതം വിരുന്നെത്തുന്നു’ എന്ന ആശയത്തിന് പിന്നിൽ. എല്ലാവരും ഓരോ ദ്വീപായി മാറിക്കൊണ്ടിരിക്കുന്ന കുടുംബത്തിൽ സംഗീതത്താൽ എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ് ലക്ഷ്യം. ചേവായൂരിൽ ശ്രുതി മ്യൂസിക് സ്കൂളിലെ ശ്രീജയുടെ വീട്ടിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയാണ് ഇൗ പരിപാടി ഉദ്‌ഘാടനം ചെയ്‌തത്. ആഴ്ചയിൽ ഒരിക്കലെങ്കിലും നമ്മുടെ വീടുകൾ സംഗീതസാന്ദ്രമാക്കി മാറ്റാനും, അതുപോലെ രോഗികളായി കിടക്കുന്നവരും ആരാലും പരിചരിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ടുപോയവരുമുണ്ട്. അവരെ മാനസിക ഉല്ലാസത്തിലേക്ക് കൊണ്ടുവരാൻ ഈ സംഗീത സദസ്സുകൾ ഉപകരിക്കുന്നു. സമകാലിക വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയും ഇവർ പരിപാടി അവതരിപ്പിക്കുന്നുണ്ട്. പന്തീരാങ്കാവിൽ ഡോ. രാധ ബാലന്റെ വീട്ടിൽ നടന്ന ‘അഴകാണ് കറുപ്പ് വർണസംഗീതം' ഐക്യദാർഢ്യ സംഗീത വിരുന്നും, പോരാളികളായ പട്ടാളക്കാർക്ക് സ്നേഹാദരവ് അർപ്പിച്ച് മെഡിക്കൽ കോളേജ് ഹൗസിങ് കോളനിയിലെ രമേശന്റെ വീട്ടിൽ നടന്ന പരിപാടിയും ഗാസയിലെ വിനാശകരമായ യുദ്ധതിനെതിരെ അണിചേർന്നും, ലഹരി പിടിമുറുക്കിയ യുവതയുടെ ചിന്താശേഷിയെ തിരിച്ചുകൊണ്ടുവരാനും കഴിയുന്ന ഇൗണങ്ങളും ഇതിൽ ചിലതാണ്. കൂടാതെ, സംഗീത ആസ്വാദകർക്കായി രണ്ട് ഉല്ലാസ യാത്രകളും സംഘടിപ്പിച്ചു. 2026ലെ പുതുവർഷ സമ്മാനമായി മാസത്തിലൊരിക്കൽ മെഹ്ഫിൽ രാവും സംഗീത വിരുന്നിൽ ഉണ്ടാകുമെന്ന് പാട്ടിന്റെ ആസ്വാദകർ ഫേസ്ബുക്ക് ഗ്രൂപ്പ് സംസ്‌ഥാന ചെയർമാൻ എ കെ ഉദീഷ് കുമാർ പറഞ്ഞു. വീടുകളിൽ സംഗീതവിരുന്ന് ഒരുക്കാൻ ആഗ്രഹിക്കുന്നവർ ഗ്രൂപ്പുമായി ബന്ധപ്പെടാവുന്നതാണ്.









0 comments