എടക്കാട് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടൽ
സമാന്തര പ്രവർത്തനത്തിനൊരുങ്ങി എ വിഭാഗം

പുതിയങ്ങാടി
സാമ്പത്തികനേട്ടം മുന്നിൽക്കണ്ട് എടക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിന്റെ നടപടിക്കെതിരെ എ വിഭാഗം സമാന്തര പ്രവർത്തനത്തിനൊരുങ്ങുന്നു. തന്റെ അനുയായികൾ നേതൃത്വത്തിൽ വരുന്നതിനായി നിയാസ് നിയമവിരുദ്ധമായി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതാണെന്നാണ് വിമതനേതാക്കളിൽനിന്ന് ലഭിക്കുന്ന വിവരം. വർഷങ്ങളായി നിലവിലുണ്ടായിരുന്ന എ വിഭാഗം നേതാക്കളെയാണ് ഒറ്റയടിക്ക് വെട്ടിനിരത്തിയത്. പ്രസിഡന്റായിരുന്ന മഹീന്ദ്രകുമാർ ശാരീരിക പ്രയാസങ്ങളെ തുടർന്ന് സ്ഥാനത്തുനിന്ന് മാറുകയും എ വിഭാഗക്കാരനായ മറ്റൊരാൾക്ക് ചുമതലനൽകി രണ്ട് വർഷമായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് ഡിസിസി മുന്നറിയിപ്പില്ലാതെ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്. ഐ വിഭാഗക്കാരനായ പുതിയ പ്രസിഡന്റിനെതിരെ ശക്തമായ പ്രതിഷേധം കോൺഗ്രസിനകത്ത് ഉയരുന്നു. 10 വർഷമായി കോൺഗ്രസ് പ്രവർത്തനങ്ങളോട് സഹകരിക്കാതിരിക്കുകയും കോൺഗ്രസ് വിമതസ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തയാളാണ് ഡിസിസി നോമിനേറ്റ് ചെയ്ത പുതിയ പ്രസിഡന്റ്. കെ സി വേണുഗോപാലിന്റെ സ്വന്തക്കാരൻ എന്ന് നേതാക്കളെ വിശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് ഡിസിസിയിൽ നിയാസ് ഇത്തരം പ്രവർത്തനം നടത്തുന്നത്. ഇത് അനുവദിച്ചാൽ കോൺഗ്രസിനുള്ളിലുള്ള ആളുകളെപ്പോലും നഷ്ടപ്പെടുമെന്നതിനാൽ സമാന്തര പ്രവർത്തനത്തിന് ഒരുങ്ങാനാണ് പുറത്താക്കപ്പെട്ട നേതാക്കളുടെ നീക്കം. ഐഎൻടിയുസിയുടെ വലിയങ്ങാടിയിലെ ഓഫീസ് വിറ്റും പിരിവെടുത്തും വാങ്ങിയ നടക്കാവിലെ ഐഎൻടിയുസി ഓഫീസ് സ്വന്തമാക്കിയതുപോലെ എടക്കാട് മണ്ഡലം കമ്മിറ്റി ഓഫീസും നിയാസ് സ്വന്തമാക്കാനുള്ള നീക്കം ഇതിന് പിറകിലുണ്ടെന്ന് സംശയിക്കുന്നതായി സൂചനയുണ്ട്. കെപിസിസിക്ക് എതിരെ സമരവുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ഡിസിസി ഓഫീസിന് മുന്നിൽ അടുത്തദിവസം ധർണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.









0 comments