സ്മാർട്ട് ഫോണിലൊന്നും മയങ്ങൂല സാറേ...

School students
avatar
വി ബൈജു

Published on Jun 04, 2025, 12:29 AM | 1 min read

എലത്തൂർ: രാവിലെ വീട്ടിൽനിന്ന് പുറപ്പെടാൻ വൈകിയതിനാൽ സ്‌കൂളിലെത്താനുള്ള ഓട്ടത്തിലായിരുന്നു നിരഞ്ജനും ദേവദത്തനും. എലത്തൂർ പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോഴതാ റോഡരികിൽ ഒരു പുതിയ സ്മാർട്ട് ഫോൺ! ഇരുവരും ഫോൺ കൈയിലെടുത്ത് പരിശോധിച്ചു. പിന്നാലെ, നേരെ കാണുന്ന പൊലീസ് സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു. ‘സാറേ ഞങ്ങക്കൊരു ഫോൺ കളഞ്ഞുകിട്ടി. ഇത് ഇവിടെ തരാൻ വന്നതാ’.


പേരും വിലാസവുമൊക്കെ ചോദിച്ച പൊലീസുകാർക്ക് മുന്നിൽ എലത്തൂർ സിഎംസി ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസുകാരൻ നിരഞ്ജനും എട്ടാം ക്ലാസ് വിദ്യാർഥി ദേവദത്തനും അസ്വസ്ഥരായി. ‘സാർ ഞങ്ങക്ക് പോണം ബെല്ലടിക്കാനായി’. ഇരുവരുടെയും പേരും വിലാസവും വാങ്ങി ഫോട്ടോ എടുത്തശേഷം പൊലീസുകാർ കുട്ടികളോട്‌ പോയ്‌ക്കോളാൻ പറഞ്ഞു. ഒരു മണിക്കൂറിനുശേഷം ഗേൾസ് ഹൈസ്‌കൂളിലെ റീന ടീച്ചർ സമ്മാനപ്പൊതികളുമായി കുട്ടികളെ കാണാനെത്തിയപ്പോഴാണ് സ്‌കൂളുകാർ അന്തംവിട്ടത്. ടീച്ചറുടെ ഫോണായിരുന്നു അത്. ഭർത്താവിനൊപ്പം കാറിൽ വന്ന ടീച്ചർ കാറിൽനിന്നിറങ്ങുന്നതിനിടെ വീണുപോയതായിരുന്നു. ക്ലാസ് ആരംഭിച്ചപ്പോൾ വെറുതെ നോക്കിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ടെന്ന് മനസ്സിലായത്.


സഹ അധ്യാപികയുടെ ഫോണിൽനിന്ന്‌ ആ നമ്പറിലേക്ക് വിളിച്ചപ്പോൾ പൊലീസ് സ്റ്റേഷനിലാണ് ഫോൺ ഉള്ളതെന്ന് മനസ്സിലായി. ഫോണൊക്കെ തരാം പക്ഷേ നിങ്ങളാദ്യം ആ കുട്ടികളെ പോയി കാണൂ എന്ന്‌ എസ്‌ഐ പറഞ്ഞു. അത് കേട്ടപാടെ ബോയ്‌സ് ഹൈസ്‌കൂളിലേക്ക്‌ വന്നതാണ് ടീച്ചർ. അപ്പോഴും ദേവദത്തും നിരഞ്ജനും ക്ലാസിൽ മറ്റാരോടും പറയുകപോലും ചെയ്യാതെ പഠനത്തിലായിരുന്നു. സമ്മാനപ്പൊതികൾ കുട്ടികളുടെ മുന്നിൽവച്ചുതന്നെ അവർക്ക് നൽകി. ബുധനാഴ്ച ഇരുവർക്കും സ്‌കൂളിൽ അനുമോദനച്ചടങ്ങ് ഒരുക്കുന്നുണ്ട്. എലത്തൂർ സ്വദേശി കുപ്പക്കളത്തിൽ പ്രവീൺകുമാറിന്റെയും ജിൻസിയുടെയും മകനാണ് നിരഞ്ജൻ. താഴെ അറക്കൽ ഷാനിയുടെയും അഖിലേഷിന്റെയും മകനാണ് ദേവദത്തൻ.



deshabhimani section

Related News

View More
0 comments
Sort by

Home