അന്ത ബിജിഎം പോട്രാ...

കോഴിക്കോട് ‘ജയിലർ –- 2’ തിയറ്ററിൽ കാണാം, പക്ഷെ സ്റ്റൈൽ മന്നൻ രജനീകാന്തിനെ നേരിട്ട് കാണാനുള്ള അവസരമാണ് കോഴിക്കോട്ടുകാർക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് ദിവസമായി ജില്ലയിലാകെ രജനി തരംഗമാണ്. 2023ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ ‘ജയിലർ’ സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനായാണ് താരമെത്തിയത്. ബേപ്പൂർ –- ചെറുവണ്ണൂർ റോഡിലെ സുദർശൻ ബംഗ്ലാവിലാണ് ഷൂട്ടിങ്. 20 ദിവസത്തെ ചിത്രീകരണത്തിൽ ഒരാഴ്ചയാണ് രജനിയുടെ ഷെഡ്യൂൾ. ജയിലർ മുത്തുവേൽ പാണ്ഡ്യന്റെ പുതിയമുഖമായിരിക്കും ചിത്രത്തിൽ. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്നാ രാജൻ തുടങ്ങിയവർക്കൊപ്പമുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം. റാവിസ് കടവ് റിസോട്ടിലാണ് താരം താമസിക്കുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനംചെയ്യുന്ന ചിത്രത്തിൽ തെലുഗു സൂപ്പർതാരം ബാലകൃഷ്ണ ഉൾപ്പെടെ വലിയ താരനിരയാണ് അണിനിരക്കുന്നത്. രണ്ടാം ഭാഗത്തിലും മോഹൻലാൽ അതിഥിവേഷത്തിലെത്തിയേക്കും. സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. ചിത്രീകരണത്തിനിടെ മന്ത്രി പി എ മുഹമ്മദ് റിയാസ് ലൊക്കേഷനിലെത്തി താരവുമായി സംസാരിച്ചു. കേരളത്തിന്റെ മതസൗഹാർദം വിലപ്പെട്ടതാണെന്നും എന്നും കാത്തുസൂക്ഷിക്കണമെന്നും രജനി പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിലും സംസാരിച്ചു.









0 comments