വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം ഇന്ന് നാടിന് സമർപ്പിക്കും

കളം നിറയും, സമരോർമകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പി ചൗഷ്യാരാഗി

Published on Aug 16, 2025, 12:19 AM | 1 min read

പന്തീരാങ്കാവ്

നൂറ്റാണ്ടിന്റെ ഇതിഹാസം വി എസ്‌ അച്യുതാനന്ദന്റെ ഓര്‍മകൾ നെഞ്ചേറ്റി ഒളവണ്ണ ഗ്രാമം. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മാവത്തുംപടി മൈതാനം, ‘വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയമായി’ ശനി പകൽ 3.30ന്‌ മന്ത്രി വി അബ്ദുറഹ്‌മാൻ നാടിന് സമർപ്പിക്കും. പിടിഎ റഹീം എംഎൽഎ അധ്യക്ഷനാകും. പഞ്ചായത്ത്‌ ഭരണസമിതിയാണ് വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം എന്ന പേര് നിര്‍ദേശിച്ചത്. കളിക്കളം വേണമെന്ന കായികപ്രേമികളുടെ ആവശ്യത്തിൽ പടിപടിയായി ഉയർന്നുവന്നതാണ്‌ മൈതാനം. മാവത്തുംപടിയിലെ ഡിവൈഎഫ്ഐ പ്രവർത്തകര്‍ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഇത്‌ ഉൾക്കൊണ്ട് ചേർന്ന ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് മൈതാന നിര്‍മാണം തുടങ്ങിയത്. സ്ഥലം വിറ്റും കടം വാങ്ങിയുമെല്ലാമാണ് സ്വകാര്യവ്യക്തികളുടെ കൈവശമായിരുന്ന 2 ഏക്കർ 3 സെന്റ് ഏറ്റെടുക്കാനുള്ള തുക കണ്ടെത്തിയത്. എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ ഭൂമി പഞ്ചായത്തിന് കൈമാറി. പിന്നീട്, പഞ്ചായത്ത്‌ ഭരണസമിതി നൽകിയ ഫണ്ടും എംഎൽഎ ഫണ്ടും വിനിയോഗിച്ച് കളിമണ്ണെടുത്ത സ്ഥലം മണ്ണിട്ട് നികത്തി. പരിശീലനത്തിനും മത്സരങ്ങൾക്കുമായി പ്രദേശവാസികൾ ഇവിടം വലിയതോതിൽ ഉപയോഗിക്കുന്നത് തിരിച്ചറിഞ്ഞ ഭരണസമിതിയാണ് മൈതാനത്തെ കൂടുതൽ സൗകര്യപ്രദമാക്കിയത്. ‘ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം' പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നൽകിയ 50 ലക്ഷവും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷം രൂപയും ചേർത്ത് ഒരുകോടി രൂപ ചെലവിലാണ് നവീകരിച്ചത്. 2024 ഫെബ്രുവരി 19ന് പിടിഎ റഹീം എംഎൽഎ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഒന്നരവർഷം കൊണ്ടാണ് പ്രവൃത്തി പൂർത്തിയാക്കിയത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ ആണ് നിർമാണം. മഡ് ട്രാക്ക് ആണ് തയ്യാറാക്കിയത്. ക്രിക്കറ്റ്, ഫുട്‌ബോൾ, വോളിബോൾ, ഷട്ടിൽ, റേസിങ് തുടങ്ങി ഏത് കായിക ഇനത്തിനും അനുയോജ്യമായ രീതിയിൽ സജ്ജീകരിക്കാവുന്ന വിധത്തിലാണ് മൈതാനം നവീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home