ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത

ഇനി ചുരം കയറാതെ വയനാട്ടിലെത്താം

തുരങ്കപാത
avatar
പി ചന്ദ്രബാബു

Published on Jun 19, 2025, 01:54 AM | 1 min read

പി ചന്ദ്രബാബു

മുക്കം

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–-കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥികാനുമതി നേട്ടം എൽഡിഎഫ്‌ സർക്കാരിന്റെ വികസന മുന്നേറ്റത്തിനുള്ള പൊൻതൂവൽകൂടിയായി. ജൂലൈയിൽ നിർമാണം ആരംഭിക്കുമ്പോൾ, ചുരം കയറാതെ എളുപ്പം വയനാട്ടിലെത്താനാകുമെന്നതിന്റെ ആഹ്ലാദത്തിലാണ് മലയോര ജനത. ഉപാധികളോടെയാണ്‌ ചൊവ്വാഴ്ച പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ പാരിസ്ഥിതിക അനുമതി പുറത്തിറങ്ങിയത്. ഇനി കരാർ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. ഇതോടെ കോഴിക്കോട് –- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ പ്രവൃത്തി തുടങ്ങാനുള്ള അവസാന കടമ്പയും കടന്നു. ഒന്നാം പിണറായി സർക്കാർ ആദ്യ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണിത്‌. 2020 ഒക്ടോബർ അഞ്ചിനാണ് പുല്ലൂരാംപാറയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കിഫ്ബിയിൽ 2134 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ടെന്‍ഡർ നടപടികൾ നേരത്തെ പൂർത്തീകരിച്ചു. കൊങ്കൺ റെയിൽവേ കോർപറേഷനാണ് നിർമാണ ചുമതല. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നോഡൽ ഏജൻസി. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽനിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് പാതയുടെ അലൈൻമെന്റ്‌. മറിപുഴയിൽ നിർമിക്കുന്ന മേജർ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക. രണ്ടുവരി സമാപന റോഡും കുണ്ടൻ തോടിൽ 75 മീറ്റർ നീളത്തിൽ രണ്ടുവരി പാലവും ഉണ്ടാവും. 10 മീറ്റർ വീതിയുള്ള ഇരട്ട തുരങ്കങ്ങളാണ് നിർമിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home