നഗരം കത്തിയമരുമ്പോഴും റാലി ഉപേക്ഷിക്കാതെ എംഎസ്‌എഫ്

നഗരത്തിൽ വൻ അഗ്നിബാധ ഉണ്ടായ സമയത്തും നിരവധി ആളുകളെ പങ്കെടുപ്പിച്ച് എംഎസ്എഫ് നടത്തിയ പ്രകടനം
കോഴിക്കോട് നഗരം കത്തിയമരുമ്പോഴും റാലിയും പൊതുയോഗവും ഉപേക്ഷിക്കാതെ മുസ്ലിംലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്‌എഫ്. ഞായർ വൈകിട്ട് പുതിയ ബസ് സ്‌റ്റാൻഡിലെ വസ്‌ത്രവ്യാപാരശാലയിൽനിന്ന് തീ പടർന്ന് ബസ് സ്‌റ്റാൻഡും പരിസരവും പുകയിലമർന്ന് നാട്ടുകാരും ഫയർഫോഴ്‌സും തീയണയ്‌ക്കാൻ സാഹസപ്പെടുമ്പോഴാണ് നൂറുകണക്കിന് വിദ്യാർഥികളെ പങ്കെടുപ്പിച്ച് നഗരത്തിൽ ശക്തിപ്രകടനം നടത്തിയത്. പ്രകടനം ആരംഭിച്ചതോടെ നഗരത്തിൽ വൻഗതാഗതക്കുരുക്കായി. ഇതോടെ ബീച്ചിൽ നിന്നും മറ്റും അഗ്നിരക്ഷാസേനയെത്താൻ വൈകിയെന്ന ആക്ഷേപവുമുണ്ടായി. വെള്ളം തീർന്ന അഗ്നിരക്ഷാസേന വാഹനങ്ങളിൽ മാനാഞ്ചിറയിൽനിന്ന് വെള്ളം നിറയ്‌ക്കാൻ പോവുന്നതിനും റാലി തടസ്സമായി. ബസ് സ്‌റ്റാൻഡിന് സമീപത്തെ കോർപറേഷൻ സ്‌റ്റേഡിയം പരിസരത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. നാലരയോടെ ആരംഭിച്ച റാലി മണിക്കൂറുകൾ എടുത്താണ് മുതലക്കുളത്ത് സമാപിച്ചത്. പൊതുസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു.









0 comments