കാണാം, ‘വര’യുടെ കൂട്ടായ്മ

മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച "വര' ചിത്രപ്രദർശനം
കോഴിക്കോട് മാഹി മലയാള കലാഗ്രാമത്തിലെ വിദ്യാർഥിയായ അഫ്രൂസ് ഷഹാന മുതൽ പ്രൊഫസർ ഖലീൽ ചൊവ്വയുടെ വരെ ചിത്രങ്ങൾ ഒരൊറ്റ പ്രദർശനത്തിൽ. മൾട്ടിമീഡിയ ആർട്ടിസ്‌റ്റ് ഫോറം നേതൃത്വത്തിലാണ് ‘വര’ എന്ന പേരിൽ സംഘചിത്രപ്രദർശനമൊരുക്കിയത്. സെൽവൻ മേലൂർ, ചന്ദ്രൻ വടക്കുമ്പാട്, യാമിനി, പ്രിയങ്ക പിണറായി തുടങ്ങി 25 കലാകാരന്മാരുടെ അമ്പതോളം ചിത്രങ്ങളാണ് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലെ പ്രദർശനത്തിലുള്ളത്. മിക്കവരും വടകര, തലശേരി, കണ്ണൂർ സ്വദേശികളാണ്. എം ടിയുടെയും എം പി വീരേന്ദ്രകുമാറിന്റെയും ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങൾ മുതൽ പേനകൊണ്ട് വരച്ച രേഖചിത്രങ്ങൾവരെയുണ്ട്. ഗാസ ഉൾപ്പെടുന്ന സാമൂഹിക വിഷയങ്ങളെ സ്പർശിക്കുന്നവയുമുണ്ട്. ആക്രിലിക്കിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് കൂടുതൽ. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനംചെയ്തു. കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രദർശനം 11ന് അവസാനിക്കും.









0 comments