കൂട്ട വോട്ടുവെട്ടൽ, ഡിവിഷൻ മാറ്റൽ

ഫറോക്ക് നഗരസഭയിലേക്ക് 
എൽഡിഎഫ് പ്രതിഷേധ മാർച്ച്

എൽഡിഎഫ് ഫറോക്ക് നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സി ഷിജു ഉദ്ഘാടനംചെയ്യുന്നു

എൽഡിഎഫ് ഫറോക്ക് നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സി ഷിജു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2025, 01:57 AM | 1 min read

ഫറോക്ക് അന്തിമ വോട്ടർപട്ടികയിൽ അടിമുടി കള്ളക്കളി നടത്തി വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയും ഡിവിഷൻ മാറ്റിയും യുഡിഎഫിനുവേണ്ടി ചട്ടവിരുദ്ധമായി പ്രവർത്തിച്ച ഫറോക്ക് നഗരസഭാ സെക്രട്ടറിക്കെതിരെ എൽഡിഎഫ് പ്രതിഷേധം. യഥാർഥ വോട്ടർമാരെ ഡിവിഷൻ മാറ്റിയതിനൊപ്പം ഒന്നിച്ച് നീക്കംചെയ്ത്‌ വോട്ടവകാശം നിഷേധിച്ചതിലും ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി പട്ടിക തയ്യാറാക്കിയതിലും പ്രതിഷേധിച്ച്‌ എൽഡിഎഫ് നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. പ്രതിഷേധമറിഞ്ഞ സെക്രട്ടറി മുന്നറിയിപ്പില്ലാതെ, പകരം ചുമതല കൈമാറാതെ മുങ്ങി. മാർച്ച് എൽഡിഎഫ് മുനിസിപ്പൽ കൺവീനർ സി ഷിജു ഉദ്ഘാടനംചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി വിജയകുമാർ പൂതേരി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ എം സമീഷ്, എം എം മുസ്തഫ, എം എ ബഷീർ, കെ ടി മുരളീധരൻ, ബഷീർ പാണ്ടികശാല എന്നിവർ സംസാരിച്ചു. കെ ഷെഫീഖ് സ്വാഗതവും എം വി ജയൻ നന്ദിയും പറഞ്ഞു. വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 22-ാം ഡിവിഷനിലെ 180 വോട്ടുകളൊന്നിച്ച് 24-ാം ഡിവിഷനിലും 30-ാം ഡിവിഷനിലെ 50 വോട്ടുകൾ 29-ാം ഡിവിഷനിലുമാക്കി. അപേക്ഷ നൽകിയിട്ടും വോട്ടുകൾ മാറ്റിച്ചേർത്തില്ല. നാലാം ഡിവിഷനിലെ വോട്ടർമാരെ അഞ്ചാം ഡിവിഷനിലാക്കിയത് മാറ്റുമെന്ന് സർവകക്ഷി യോഗത്തിൽ നൽകിയ ഉറപ്പും സെക്രട്ടറി പാലിച്ചില്ല. 11ാം ഡിവിഷനിൽ സ്ഥിരംതാമസക്കാരായവരുടെ വോട്ട് നീക്കാൻ കൂട്ടുനിന്ന സെക്രട്ടറി, യുഡിഎഫ് ആവശ്യപ്രകാരം 16-ാം ഡിവിഷനിലെ 282 വോട്ടുകൾ ഒന്നിച്ച് നീക്കാൻ ഒത്താശചെയ്തതായും എൽഡിഎഫ് ആരോപിച്ചു. 180-ാം ഡിവിഷനിലെ 23 വോട്ടുകൾ 19-ാം ഡിവിഷനിലാക്കിയത് മാറ്റാൻ അപേക്ഷ നൽകിയപ്പോൾ എല്ലാം നീക്കി. ജീവിച്ചിരിക്കുന്ന വോട്ടർമാർ മരിച്ചതായും അവിവാഹിതരായ യുവതികൾ വിവാഹിതരായി സ്ഥലംമാറിയതായും തെറ്റായി കാണിച്ച് വോട്ടുകൾ നീക്കി. ഇതിനെതിരെ നൽകിയ ആക്ഷേപം പരിഗണിക്കാതെ യുഡിഎഫിന്റെ വോട്ട്‌ തിരിമറിക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സെക്രട്ടറി ചൂട്ടുപിടിക്കുകയാണെന്നും ഇതിനെതിരെ പരാതി നൽകിയതായും എൽഡിഎഫ് നേതൃത്വം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home