നടക്കാവ് സ്കൂൾ സന്ദര്‍ശിച്ച് കശ്മീരി സംഘം
‘കേരളം ഞങ്ങൾക്ക് മാതൃക’

കശ്മീരിലെ കോത്തിബാഗ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സന്ദര്‍ശിച്ചപ്പോള്‍
കോഴിക്കോട് കോഴിക്കോടിന്റെ രുചിയും ആളുകളുടെ സ്‌നേഹവും മനസ്സ് നിറച്ചു. നടക്കാവ് സ്കൂൾ ശരിക്കും വിസ്മയിപ്പിച്ചു. കശ്മീരിലെ ഞങ്ങളുടെ സ്കൂളും ഇതുപോലെ ഗംഭീരമാകുമെന്നത് വിശ്വസിക്കാനാകുന്നില്ല. കേരളം കശ്മീരിന് മാതൃകയാണ്, കശ്മീരി ഭാഷയിൽ മരിയയും ഹുമരിയയും പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുഖച്ഛായ മാറ്റിയ പ്രിസം പദ്ധതി തൊട്ടറിയാനാണ് കശ്മീരില്‍നിന്ന് ഒരുകൂട്ടം വിദ്യാര്‍ഥികളും അധ്യാപകരും കോഴിക്കോട്ടെത്തിയത്. ശ്രീനഗര്‍ കോത്തിബാഗിലെ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂൾ അധ്യാപകരായ മറിയം അക്ബര്‍, ഹുമരിയ ഷാ, ഷെയ്ക്ക് സഹൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. പ്ലസ് വണ്ണിനും ഒമ്പതിലും പഠിക്കുന്ന അഞ്ചുവീതം വിദ്യാര്‍ഥിനികളാണ് സംഘത്തിലുള്ളത്. നടക്കാവ് സ്‌കൂളിലെ പ്രിസം പദ്ധതിയിൽ പങ്കാളികളായ ഫൈസല്‍ ആൻഡ് ഷബാന ഫൗണ്ടേഷന്‍ ഒരുക്കിയ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായാണ് ഇവരെത്തിയത്. പ്രിസം മാതൃകയില്‍ കോത്തിബാഗ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിനെയും കൈപിടിച്ചുയര്‍ത്തുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. സ്കൂളിൽ 20 കോടി രൂപയോളം ചെലവഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. 27ന് ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നടക്കും. സമഗ്രവും ഗുണനിലവാരമുള്ളതുമായ നടക്കാവ് മോഡല്‍ വിദ്യാഭ്യാസം കശ്മീരിലെ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കാനാണിത്. സ്കൂൾ നവീകരണത്തിന് മാതൃകയായ നടക്കാവ് സ്‌കൂൾ നേരിട്ട് കാണാനാണ് കശ്മീര്‍ സംഘം നഗരത്തിലെത്തിയത്. സംഘത്തെ വാദ്യഘോഷത്തോടെ സ്കൂൾ അങ്കണത്തിൽ സ്വീകരിച്ചു. കാരപ്പറമ്പ് സ്‌കൂളും കോർപറേഷന്‍ ഓഫീസും സന്ദര്‍ശിച്ചശേഷം കോഴിക്കോട് ബീച്ചിലെ നൈറ്റ് ലൈഫ് ആസ്വദിക്കാനും അവര്‍ മറന്നില്ല. ചൊവ്വാഴ്ച മിഠായിത്തെരുവ്, കടലുണ്ടി പക്ഷിസങ്കേതം തുടങ്ങിയ ഇടങ്ങളും സന്ദര്‍ശിക്കും.









0 comments