ലോകോത്തര ടൂറിസത്തിന് അംഗീകാരം
വീണ്ടും ബ്ലൂ ഫ്ലാഗ് പാറിച്ച് കാപ്പാട്

കാപ്പാട് ബീച്ച്
അതുൽ ബ്ലാത്തൂർ കോഴിക്കോട് ‘ആകെ കാടും വള്ളിയും പാമ്പും നിറഞ്ഞ സ്ഥലമായിരുന്നു. വന്നുപെട്ടാൽ വെള്ളമോ ഭക്ഷണമോ ഒന്നും കിട്ടില്ല. ആളുകൾ അധികമൊന്നും വരാറുമില്ല അന്ന്’– തൂവപ്പാറ കീച്ചിലപ്പുറത്ത് താഴെക്കുനിയിൽ വത്സല കുഞ്ഞിരാമന്റെ ഓർമകളിൽ പഴയ കാപ്പാടിന്റെ ചിത്രം വ്യക്തം. പതിനഞ്ചുവർഷത്തിലേറെയായി കാപ്പാട് ബീച്ചിലെ ശുചീകരണത്തൊഴിലാളിയാണ് ഇവർ. കാപ്പാടിന്റെ ടൂറിസം വിപ്ലവത്തിന്റെ സാക്ഷിയും. തിങ്ങിനിറഞ്ഞ കാറ്റാടി മരങ്ങൾ, വൃത്തിയുള്ള മണല്‍പ്പരപ്പ്, നല്ല ഇരിപ്പിടങ്ങള്‍, വ്യൂ ടവറുകള്‍, ഇന്റർലോക്കുചെയ്ത നടപ്പാതകള്‍, കുടിലുകള്‍, പരിസ്ഥിതി സൗഹൃദ ശുചിമുറികൾ. ബീച്ചാകെ മാറി പിന്നീട്. അന്താരാഷ്‌ട്ര അംഗീകാരങ്ങളായി. ലോകടൂറിസം ഭൂപടത്തിലാണിന്ന് കാപ്പാടിന്റെ സ്ഥാനം. വാരാന്ത്യത്തിലും അവധിദിനത്തിലുമുൾപ്പെടെ ശരാശരി മൂവായിരത്തിലധികമാളുകൾ എത്തുന്നു എന്നാണ് കണക്ക്. ബ്ലൂ ഫ്ലാഗ് തുടർച്ചയായി ആറാംതവണ അധിനിവേശത്തിന്റെ ആദ്യപാദം പതിഞ്ഞു എന്ന നിലയിൽ അറിയപ്പെടുന്ന തീരം ഇന്ന് അന്താരാഷ്‌ട്ര അംഗീകാരങ്ങളുടെ പേരിലാണ് ലോകശ്രദ്ധയാകർഷിക്കുന്നത്. അതിൽ പ്രധാനമാണ് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് പദവി. തുടർച്ചയായി ആറാംതവണയും പദവി നിലനിര്‍ത്തി. ഇന്ത്യയില്‍ ഈ വര്‍ഷം 13 ബീച്ചുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ ചാൽ ബീച്ചും കാപ്പാടുമാണ് സംസ്ഥാനത്തെ ബ്ലൂ ഫ്ലാഗ് ബീച്ചുകൾ. പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത തുടങ്ങിയവ പരിശോധിച്ച് 33 മാനദണ്ഡം അടിസ്ഥാനമാക്കി ഡെന്മാർക്ക് ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യുക്കേഷനാണ് അംഗീകാരം നൽകുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ബീച്ചില്‍ നടത്തുന്ന കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പദ്ധതിക്ക് 2025ലെ സതേണ്‍ ഹെമിസ്‌ഫിയര്‍ ബ്ലൂ ഫ്ലാഗ് മികച്ച പ്രവര്‍ത്തനങ്ങളുടെ മത്സരവിഭാഗത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ജൈവ വൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, തീരമേഖലാ പരിസ്ഥിതി സംരക്ഷണം തുടങ്ങി ബ്ലൂ ഫ്ലാഗ് മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്ന രീതിയില്‍ സസ്യവളര്‍ത്തലിലും ആവാസവ്യവസ്ഥ പുനരുദ്ധാരണത്തിലും ശാസ്ത്രീയ രീതികള്‍ പിന്തുടര്‍ന്നാണ് കാപ്പാട് ടൂറിസം പദ്ധതി മുന്നോട്ടുപോകുന്നത്. 2022ൽ ഗ്രീസിലെ ഏഥൻസിൽ നടന്ന ‘ഫ്യൂച്ചർ ഓഫ് ടൂറിസം സമ്മിറ്റിൽ’ ലോകത്തെ മികച്ച സുസ്ഥിര മാതൃക കാഴ്ചവച്ച നൂറുവിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലും തീരം ഇടം പിടിച്ചിരുന്നു. ഡെസ്‌റ്റിനേഷൻ വെഡ്ഡിങ്ങിനുള്ള വേദികൂടിയായി ബീച്ച്.









0 comments