സ്‌മരണാദരമായി ‘എം ടി, എഴുത്തിന്റെ ആത്മാവ്’

സബര്‍മതി തിയറ്റര്‍ വില്ലേജ് കോഴിക്കോട് ടൗണ്‍ഹാളില്‍ അവതരിപ്പിച്ച എം ടി എഴുത്തിന്റെ ആത്മാവ് രംഗാവതരണത്തില്‍നിന്ന്
കോഴിക്കോട് മഞ്ഞിലെ വിമല, ഓളവും തീരത്തിലെ ബാപ്പൂട്ടി, രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും... മലയാളസാഹിത്യത്തിലെ അവിസ്‌മരണീയ കഥാപാത്രങ്ങൾക്കൊപ്പം അവർക്ക് ജീവനേകിയ മഹാപ്രതിഭയായ എം ടിയും. എഴുത്തുകാരനും കഥാപാത്രങ്ങളും പുനരാവിഷ്‌കൃതമായ സർഗസുന്ദരമായ സന്ധ്യ. എം ടി വാസുദേവൻ നായരുടെ ചിരസ്‌മരണക്ക് സർഗാഭിവാദ്യമായി സബർമതി ഒരുക്കിയ ‘എം ടി, എഴുത്തിന്റെ ആത്മാവ്’ ദൃശ്യശിൽപ്പം. കഥാകാരനും കഥാപാത്രങ്ങളും സംഗമിച്ച വേദി പകർന്നത് എം ടി സാഹിത്യ പ്രപഞ്ചത്തിലേക്കുള്ള അസുലഭവും ആസ്വാദ്യമധുരവുമായ സഞ്ചാരം. എം ടി ഇല്ലാത്ത അദ്ദേഹത്തിന്റെ ആദ്യ ജന്മദിനത്തിന്റെ തലേന്നാൾ അരങ്ങേറിയ പരിപാടി ആസ്വദിക്കാൻ ടൗൺഹാളിൽ നിറഞ്ഞ സദസ്സായിരുന്നു. രണ്ടാമൂഴം, പള്ളിവാളും കാൽച്ചിലമ്പും, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ... തുടങ്ങിയ എം ടി രചനകളിലെ കഥാപാത്രങ്ങളും മുഹൂർത്തങ്ങളുമാണ് വേദിയിൽ നിറഞ്ഞത്. പ്രിയപ്പെട്ട നിളയുടെ തീരത്ത് കഥാകാരൻ സംവദിക്കുംവിധമായിരുന്നു അവതരണം. പാട്ടും നൃത്തവും നാടകവുമായി രംഗാവതരണത്തിന്റെ അനിർവചനീയമായ സൗന്ദര്യം സബർമതി തിയറ്റർ വില്ലേജ് സമ്മാനിച്ചു. ആംസിസ് മുഹമ്മദായിരുന്നു രചന. പ്രേമൻ മുചുകുന്ന് സംവിധാനം നിർവഹിച്ചു. നിതീഷ് പൂക്കാട് (രംഗശിൽപ്പം), രമേശ് കാവിൽ (ഗാനം), അജയ് ഗോപാൽ (സംഗീതം), പ്രദീപ് ഇരിങ്ങൽ, കലാമണ്ഡലം ഷീനാ പ്രദീപ് (കൊറിയോഗ്രഫി), അനൂപ് പൂന (ദീപസംവിധാനം) എന്നിവരായിരുന്നു പിന്നണിയിൽ. അകം അശോക്, പ്രദീപ് മുദ്ര, സത്യൻ മുദ്ര, കെ സി കരുണാകരൻ, സുരേഷ് പടിക്കൽ, ശ്രുതി വൈശാഖ്, ഉത്തരാമനോജ് തുടങ്ങിയവർ അഭിനയിച്ചു. പരിപാടിക്ക് മുമ്പ് നാടക പ്രവർത്തകരായ വിത്സൻ സാമുവൽ, ഡോ. കെ ശ്രീകുമാർ, രാജൻ തിരുവോത്ത്, കെ എസ് വെങ്കിടാചലം, ഉഷാ ചന്ദ്രബാബു, ജയരാജ് കോഴിക്കോട്, വിജയൻ പി നായർ, വിജയൻ കാരന്തൂർ, എ രത്നാകരൻ, അപ്പുണ്ണി ശശി, രാജഗോപാൽ എന്നിവരെ ആദരിച്ചു. ഡോ. കെ ശ്രീകുമാർ, വിത്സൻ സാമുവൽ, കെ എസ് വെങ്കിടാചലം, അജയ്ഗോപാൽ, രമേശ് കാവിൽ എന്നിവർ സംസാരിച്ചു.









0 comments