അവധിദിനത്തിൽ 
ആശങ്കയുടെ മണിക്കൂറുകള്‍

കോഴിക്കോട് പുതിയ ബസ്‌ സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കലിക്കറ്റ് ടെക്‌സ്‌റ്റൈൽസിന്റെ മൊത്തവിൽപ്പന കേന്ദ്രത്തില്‍ തീപിടിച്ചപ്പോള്‍

കോഴിക്കോട് പുതിയ ബസ്‌ സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കലിക്കറ്റ് ടെക്‌സ്‌റ്റൈൽസിന്റെ മൊത്തവിൽപ്പന കേന്ദ്രത്തില്‍ തീപിടിച്ചപ്പോള്‍

വെബ് ഡെസ്ക്

Published on May 19, 2025, 02:07 AM | 1 min read

കോഴിക്കോട് നഗരഹൃദയത്തെ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി അഗ്നിബാധ. പുതിയ ബസ്‌ സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കലിക്കറ്റ് ടെക്‌സ്‌റ്റൈൽസിന്റെ മൊത്തവിൽപ്പന കേന്ദ്രത്തിലെ തീപിടിത്തമാണ് നഗരത്തിന്റെ ഉള്ളുലച്ചത്. ഞായർ വൈകിട്ട് അഞ്ചോടെയാണ്‌ കെട്ടിടത്തിനുള്ളിൽനിന്ന് പുക ഉയർന്നത്. പിന്നാലെ സാധനങ്ങൾ വാങ്ങാനെത്തിയവരും ജീവനക്കാരുമടക്കം ഉടൻ കടയിൽ നിന്നിറങ്ങി. സ്‌കൂൾ യൂണിഫോമുൾപ്പെടെ കെട്ടിടത്തിനുള്ളിൽ തുണികളുടെ വൻ ശേഖരമായിരുന്നു ഉണ്ടായിരുന്നത്. പുക ഉയർന്ന ഭാഗത്തുനിന്ന് തീ ആളിക്കത്താൻ തുടങ്ങിയതോടെ സമീപത്തെ കടയിലുള്ളവരും ഒഴിഞ്ഞു. അതിനിടെ കെട്ടിടസമുച്ചയത്തിലെ പിആർസി മെഡിക്കൽസിലേക്കും തീ പടർന്നതോടെ കൂടുതൽ ആശങ്കയിലായി. തുണിത്തരങ്ങൾക്ക്‌ തീപിടിച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ ബസ്‌ സ്റ്റാൻഡ് പരിസരം കറുത്തപുകയിൽ മുങ്ങി. തീ ആളിക്കത്താൻ ആരംഭിച്ചതോടെ സ്റ്റാൻഡിലെ മറ്റു കടകൾ പൊലീസും ഫയർഫോഴ്‌സും അടപ്പിച്ചു. ബസ്‌ സ്റ്റാൻഡിലുണ്ടായിരുന്ന ബസുകളെല്ലാം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അഞ്ചരയോടെ സ്റ്റാൻഡിനകത്തേക്ക് വാഹനങ്ങൾക്കുള്ള പ്രവേശനം പൂർണമായും പൊലീസ് തടഞ്ഞു. കൂടാതെ ഇന്ദിരാഗാന്ധി റോഡും മൊഫ്യൂസിൽ ബസ്‌ സ്റ്റാൻഡിന് മുന്നിലെ മാവൂർറോഡ് ഭാഗവും പൂർണമായും അടച്ചു. വിവരമറിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ മൊഫ്യൂസിൽ സ്റ്റാൻഡിലേക്കെത്തി. മിനിറ്റുകൾക്കകം സ്റ്റാൻഡ് പരിസരം ജനങ്ങളാൽ നിറഞ്ഞു. പൊലീസ് അറിയിപ്പ് നൽകിയിട്ടും ആളുകൾ മാറിയില്ല. ഇതോടെ കൂടുതൽ പൊലീസ് എത്തി വടംകെട്ടി ആളുകളെ നിയന്ത്രിച്ചു. ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെയും പൊലീസ് അറിയിപ്പ് നൽകി. ആറ് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ഉത്തരമേഖല ഐജി രാജ്പാൽ മീണ, കലക്ടർ സ്‌നേഹിൽ കുമാർ സിങ്, സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, അസി. കമീഷണർ അരുൺ കെ പവിത്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home