സൂപ്പറാണ് ആതുരാലയങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട് ചികിത്സാ സംവിധാനങ്ങൾ, രോഗീപരിചരണം, അണുബാധ നിയന്ത്രണം, ശുചിത്വം തുടങ്ങി ആതുരരംഗത്ത് സൂപ്പറാണ് ജില്ലയിലെ ആശുപത്രികൾ. എൽഡിഎഫ് സർക്കാരിന്റെ ഒമ്പത് വർഷത്തിനിടയിൽ ഇവിടങ്ങളിലുണ്ടായ മാറ്റം ആരെയും അതിശയിപ്പിക്കും. ഇതാ, കേരള മോഡൽ എന്ന് സ്വയം സംസാരിക്കുന്ന മാതൃകകളാണ് ഓരോന്നും. സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കായകൽപ്പ് പുരസ്‌കാരത്തിൽ അഭിമാന നേട്ടമാണ് ഇക്കുറിയും ജില്ല കൈവരിച്ചത്. ഏഴ് ആരോഗ്യകേന്ദ്രങ്ങളെ അംഗീകാരം തേടിയെത്തി. കോട്ടപ്പറമ്പിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പേരാമ്പ്ര, നാദാപുരം താലൂക്ക് ആശുപത്രി, ഓർക്കാട്ടേരി, തലക്കുളത്തൂർ സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, നരിക്കുനി, വളയം കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവയാണ് പുരസ്‌കാര നിറവിലെത്തിയത്. കോട്ടപ്പറമ്പ് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഓർക്കാട്ടേരി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവ രണ്ടാം തവണയും വളയം കമ്യൂണിറ്റി ഹെൽത്ത് സെന്റർ മൂന്നാംതവണയുമാണ് പുരസ്‌കാരനേട്ടം കൈവരിക്കുന്നത്. സംസ്ഥാനതലത്തിൽ അഞ്ചുതവണ തലനാരിഴയ്‌ക്ക് നഷ്ടമായ ഒന്നാംസ്ഥാനം നേടാനായതിന്റെ ആഹ്ലാദമാണ് തലക്കുളത്തൂർ കുടുംബാരോഗ്യകേന്ദ്രം പങ്കിടുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിഭാഗത്തിൽ മലപ്പുറം ജില്ലാ ആശുപത്രിയ്‌ക്കൊപ്പമാണ് കോട്ടപ്പറമ്പ് രണ്ടാംസ്ഥാനം പങ്കിട്ടത്. 10 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. മാസം 300മുതൽ 350വരെ പ്രസവം നടക്കുന്ന പ്രധാന ആശുപത്രിയാണിത്. മികവിന് അംഗീകാരമായി പേരാമ്പ്ര പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം കണ്ടറിയേണ്ടതാണ്. കാഷ്വാലിറ്റി, ഫാർമസി തുടങ്ങിയിടങ്ങളിലെ വെടിപ്പും വൃത്തിയും, വാർഡുകളിൽ രോഗികൾക്കായി സ്ഥാപിച്ച ഷെൽഫുകൾ, വാഷ് ബേസിനുകൾ, കാഷ്വാലിറ്റിയിൽ ആവശ്യാനുസരണം വീൽ ചെയറുകൾ, ട്രോളികൾ, ഓപ്പറേഷൻ തിയറ്ററിന്റെ മെയിന്റനൻസ്, ആശുപത്രി ജീവനക്കാർക്കുള്ള റിക്രിയേഷൻ ഏരിയ, ഓർഗാനിക് ഗാർഡൻ, ജീവനക്കാർക്കും ഭിന്നശേഷിക്കാർക്കും രോഗികൾക്കുമായി പ്രത്യേക പാർക്കിങ് സൗകര്യം, ആശുപത്രിയിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം, ഭിന്നശേഷിസൗഹൃദ ശുചിമുറികൾ ഇവയെല്ലാം പരിഗണിച്ചാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് അംഗീകാരം ലഭിച്ചത്. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് കിഫ്ബി മുഖേന 78 കോടി രൂപയാണ് അനുവദിച്ചത്. 56 കോടി രൂപയുടെ കെട്ടിട നിർമാണം ആരംഭിച്ചിട്ടുണ്ട്. പുരസ്‌കാരനിറവിൽ വീണ്ടും ഓർക്കാട്ടേരി തുടർച്ചയായി രണ്ടാം തവണയാണ് ഓർക്കാട്ടേരി സിഎച്ച്സിയ്‌ക്ക് കായകൽപ്പ് പുരസ്‌കാരം ലഭിക്കുന്നത്. ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകൾക്ക് പുറമെ കണ്ണൂർ ജില്ലയിലെ കരിയാട് ഭാഗത്തുനിന്ന് ധാരാളം രോഗികൾ എത്തുന്നു. നിത്യേന 800 ലേറെ രോഗികൾ ചികിത്സ തേടുന്നു. പുതിയ ഒപി ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി വരുന്നു. കുട്ടികൾക്കായുള്ള മികച്ച സിഡിഎംസി കേന്ദ്രങ്ങളിലൊന്നാണ്. വളയത്തിന് ഹാട്രിക്; നാദാപുരത്തിന് വീണ്ടും നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്ക് രണ്ടാം തവണയും വളയം കുടുംബാരോഗ്യകേന്ദ്രത്തിന് മൂന്നാംതവണയുമാണ് പുരസ്‌കാരം ലഭിക്കുന്നത്. കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽനിന്ന് കുടുംബാരോഗ്യകേന്ദ്രത്തിലേക്കുള്ള വളയം സർക്കാർ ആശുപത്രിയുടെ മാറ്റം അതിശയിപ്പിക്കുന്നതാണ്. നാട്ടിൻപുറത്തെ പരിമിതമായ സൗകര്യങ്ങളിൽനിന്നുള്ള ആശുപത്രിയുടെ ഉയിർപ്പിന് തേരുതെളിച്ചത് ആദ്യപിണറായി സർക്കാരിന്റെ കാലത്താണ്. ആർദ്രം പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു കുതിപ്പ്. മലയോരമേഖലയിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ ആശ്രയ കേന്ദ്രമാണിത്. നിപാ ഭീതിയുടെ തനിയാവർത്തനങ്ങളിൽ വിറങ്ങലിച്ചുപോയ നാട്. നിപാ പ്രതിരോധ പ്രവർത്തനത്തിന് കോഴിക്കോടിന്റെ പോരാട്ടം നയിച്ചത് വളയം ആശുപത്രിയായിരുന്നു. 2019ൽ 2.60 കോടി രൂപ ചെലവഴിച്ച് മനോഹരമായ കെട്ടിടവും അനുബന്ധസൗകര്യവും ഒരുക്കിയതിന് പിന്നാലെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുകയായിരുന്നു. അർഹതയ്‌ക്കുള്ള അംഗീകാരം വൃത്തിയുള്ള ഇരിപ്പിടങ്ങൾ, ടോയ്‌ലറ്റുകൾ, മാലിന്യസംസ്കരണ രംഗത്ത് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചും പ്ലാസ്റ്റിക് മാലിന്യം ഹരിത കർമസേനക്ക് കൈമാറിയും ശുചിത്വരംഗത്ത് മാതൃകകൾ തീർത്തപ്പോൾ അർഹതയ്‌ക്കുള്ള അംഗീകാരമായിരുന്നു നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തിയത്. അണുബാധാ നിയന്ത്രണത്തിന്റെ ഭാഗമായി മൂന്നുനേരം ക്ലീനിങ് നടത്തുന്നുണ്ട്. വേസ്റ്റ് വിവിധ രീതികളിൽ സംസ്കരിക്കുകയും ചെയ്യുന്നു. ആറിൽ പിഴയ്‌ക്കാതെ തലക്കുളത്തൂർ തലക്കുളത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് ഇത്തവണ പുരസ്‌കാരം ലഭിച്ചപ്പോൾ ആ മധുരത്തിന് ഇരട്ടിമധുരമാണ്. അഞ്ചുതവണ നഷ്ടമായ ഒന്നാംസ്ഥാനം നേടിയെടുക്കാനായതിന്റെ ആഹ്ലാദത്തിലാണിവർ. സാമൂഹികാരോഗ്യകേന്ദ്രങ്ങൾ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാമതാണ് ഈ സാമൂഹികാരോഗ്യകേന്ദ്രം. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ സോളാർ, ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കൽ, ജീവതാളം പദ്ധതി, രോഗീസൗഹൃദപദ്ധതികൾ, ഓപ്പൺ ജിം നവീകരണം, ആശുപത്രി നവീകരണം തുടങ്ങിയവയും തലക്കുളത്തൂർ പഞ്ചായത്ത് നടപ്പാക്കിയ മാലിന്യമുക്ത പഞ്ചായത്തിന്റെ പ്രവൃത്തികൾ, കുട്ടികളുടെ ഹരിതസഭ, ഹരിത ഓഫീസ് സ്ഥാപനങ്ങൾ എന്നിവയും പുരസ്‌കാരനേട്ടത്തിന് പിറകിൽ കരുത്തായി. മൂന്നുലക്ഷം രൂപയാണ് സമ്മാനത്തുക.









0 comments