രണ്ടാംഘട്ട വിതരണം ഉടൻ പൂര്‍ത്തിയാകും
പുത്തൻ പുസ്തകങ്ങളിതാ

വെള്ളിമാടുകുന്ന് എൻജിഒ ക്വാര്‍ട്ടേഴ്സിൽ പാഠപുസ്തകങ്ങൾ വേര്‍തിരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍
സ്വന്തം ലേഖിക കോഴിക്കോട് ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോഴേക്ക് തന്നെ പുത്തൻ പുസ്തകങ്ങളുടെ മണം ക്ലാസുകളിലെത്തി. രണ്ടാംഘട്ട പാഠപുസ്തകങ്ങൾ ഇത്തവണയും നേരത്തേ കുട്ടികളുടെ കൈകളിലെത്തി. 75 ശതമാനം പുസ്തകങ്ങൾ ജില്ലാ ഹബ്ബിൽ എത്തുകയും 60 ശതമാനത്തോളം വിതരണം പൂര്‍ത്തിയാകുകയും ചെയ്തു. ഒക്ടോബറിലാണ് രണ്ടാംഘട്ട ക്ലാസുകൾ ആരംഭിക്കുന്നത്. ആഗസ്ത് 17നാണ് രണ്ടാം ഘട്ട വിതരണം ആരംഭിച്ചത്. 22,48,127 ലക്ഷം പുസ്തകങ്ങളാണ് രണ്ടാംഘട്ടത്തിൽ ജില്ലയിൽ ആവശ്യമായുള്ളത്. ഇതിൽ 17,80,000 പുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ ഹബ്ബായ വെള്ളിമാടുകുന്ന് എൻജിഒ ക്വാര്‍ട്ടേഴ്സിൽ എത്തി. 12 ലക്ഷം പുസ്തകങ്ങൾ ഇതിനകം വിതരണം ചെയ്തു. ബാക്കിയുള്ളവയും ഉടൻ ഹബ്ബിലെത്തും. 30നകം മുഴുവൻ പുസ്തകങ്ങളുടെയും വിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എൻജിഒ ക്വാര്‍ട്ടേഴ്സിൽ നിന്ന് ജില്ലയിലെ വിവിധ സൊസൈറ്റികളിലേക്കും അവിടെനിന്ന് വിവിധ സ്കൂളുകളിലേക്കുമാണ് പാ-ഠപുസ്‌തകങ്ങൾ എത്തിക്കുന്നത്. 333 സൊസൈറ്റികളാണ് ഇതിനായി ജില്ലയിലുള്ളത്. കുടുംബശ്രീ ജില്ലാമിഷനാണ് പുസ്തകം തരം തിരിക്കലിന്റെയും വിതരണത്തിന്റെയും ചുമതല. 18 കുടുംബശ്രീ പ്രവര്‍ത്തകര്‍ പാഠപുസ്തക വിതരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡിപ്പോയിൽ എത്തുന്ന പുസ്‌തകങ്ങൾ തരംതിരിച്ച് കെട്ടാക്കി സ്‌കൂളിന്റെ പേരെഴുതിയ ലേബൽ പതിച്ചാണ് കയറ്റി അയക്കുന്നത്. മൂന്ന് വാഹനങ്ങളിലാക്കിയാണ് സൊസൈറ്റികളിൽ എത്തിക്കുന്നത്. കാക്കനാട്ടെ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കാണ് അച്ചടിച്ചുമതല. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിതരണം പൂര്‍ത്തിയായാൽ അൺ എയ്ഡഡ് സ്കൂളുകളിൽ വിതരണം തുടങ്ങും. ആദ്യഘട്ട പുസ്തക വിതരണം ഫെബ്രുവരി 27നാണ് തുടങ്ങിയത്. ജൂൺ നാലിനുള്ളിൽ മുഴുവൻ സ്കൂളുകളിലും വിതരണം പൂര്‍ത്തിയായി.









0 comments