സൂപ്പറാണ് ആരോഗ്യം

വടകര ആശുപത്രി കെട്ടിടത്തിന്റെ രൂപരേഖ
സ്വന്തം ലേഖകൻ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വടകര ജില്ലാ ആശുപത്രിയിൽ ആധുനിക ചികിത്സ ലഭ്യമാക്കുന്നതിനായി 83.70 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിട നിർമാണത്തിന്റെ പ്രവൃത്തി വൈകാതെ ആരംഭിക്കും. നിർമാണം പൂർത്തിയാകുന്നതോടെ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലായുള്ള അഞ്ച് വിഭാഗങ്ങളുടെ സേവനം ഒരുകുടക്കീഴിൽ ലഭ്യമാകും. പിഎംജെവികെ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് നിലയിലാണ് ആധുനിക കെട്ടിടം ഉയരുന്നത്. കെട്ടിടം നിർമിക്കുന്നതിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 1954ൽ സ്ഥാപിതമായ ആശുപത്രി 2011ലാണ് ജില്ലാ ആശുപത്രിയായി ഉയർത്തിയത്. ആശുപത്രിക്കായി ജില്ലാ പഞ്ചായത്ത് 6.91 കോടി രൂപയാണ് വിനിയോഗിച്ചത്. ദിനംപ്രതി 1500ലധികം രോഗികൾ ഒപിയിലും നൂറോളം രോഗികൾ ഐപി വിഭാഗത്തിലും ചികിത്സക്കെത്തുന്നുണ്ട്. മാസത്തിൽ 250 രോഗികൾക്ക് സർജറി ചെയ്‌തുവരുന്നു. 12 സ്‌പെഷ്യാലിറ്റികളും 24 മണിക്കൂർ പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, ലാബ് സർവീസുകളും കൂടാതെ ഫാർമസി, എക്‌സറേ, ഡെന്റൽ, ഫിസിയോ തെറാപ്പി, എൻസിഡി ക്ലിനിക്, ഭൂമിക, ഐസിടിസി, ആർഎൻടി സിപി, പിപി യൂണിറ്റ്, ആധുനിക, മോർച്ചറി, ഇ ഹെൽത്ത് സംവിധാനം, 40 മെഷീനിലായി ദിനംപ്രതി 75 രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാവുന്ന സെന്ററും ഇവിടെ പ്രവർത്തിക്കുന്നു. നിലവിലുള്ള ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റിന് ബ്ലഡ് ബാങ്ക് ലൈസൻസ് ലഭിച്ചു. കൂടാതെ, ബ്ലഡ് സെപ്പറേഷൻ യൂണിറ്റും പ്രവർത്തനസജ്ജമായിവരുന്നു. ജില്ലാ ആശുപത്രിയിൽ മരുന്ന് വാങ്ങുന്നതിന് 1.80 ലക്ഷവും ഡയാലിസിസ് യൂണിറ്റിലേക്ക് 2.5 കോടി രൂപയും അടിസ്ഥാന സൗകര്യം, ഓക്‌സിജൻ പ്ലാന്റ്, വൈദ്യുതി എന്നിവക്കായി 56.84 ലക്ഷം രൂപയും ചെലവിട്ടു. എരഞ്ഞിക്കലിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിക്കായി 3.2 കോടി രൂപയാണ് വിനിയോഗിച്ചത്. കെട്ടിടം, യോഗ ഹാൾ അറ്റകുറ്റപ്പണിക്കായി ഒരുകോടി രൂപയും മരുന്ന് വാങ്ങുന്നതിന് 66 ലക്ഷം രൂപയും ഫർണിച്ചർ, ഉപകരണം എന്നിവ വാങ്ങുന്നതിന് 93 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. ഭട്ട് റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ വികസന പ്രവർത്തനം നടത്തുന്നതിനായി 8.57 കോടി രൂപയാണ് വിനിയോഗിച്ചത്. സെൻസറി പാർക്ക് നിർമിക്കുന്നതിന് 50 ലക്ഷം രൂപയും വയോജന പാർക്ക് നിർമിക്കുന്നതിന് ഒരുകോടി രൂപയും ചെലവിട്ടു. ഭിന്നശേഷി കുട്ടികളുടെ ചികിത്സ സ്‌പന്ദനത്തിനായി 2.66 കോടി രൂപയും ജെറിയാട്രിക് ബ്ലോക്ക്, മലിനജല പ്ലാന്റ്, സൗന്ദര്യവൽക്കരണം എന്നിവക്കായി 1.76 കോടി രൂപയുമാണ് വിനിയോഗിച്ചത്.









0 comments