അതിഥികൾ കാൽലക്ഷത്തിലേക്ക്

സ്വന്തം ലേഖകൻ കോഴിക്കോട് സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിത്തൊഴിലാളികളെയും രജിസ്റ്റർചെയ്യിക്കാൻ തൊഴിൽ വകുപ്പ് ആരംഭിച്ച ‘അതിഥി' പോർട്ടലിൽ ജില്ലയിൽ രജിസ്റ്റർചെയ്ത തൊഴിലാളികളുടെ എണ്ണം കാൽലക്ഷത്തോടടുക്കുന്നു. വ്യാഴാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം 23749 തൊഴിലാളികളാണ് പോർട്ടലിൽ രജിസ്റ്റർചെയ്തത്. അസി. ലേബർ ഓഫീസർമാരുടെയും തൊഴിൽ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും കൂട്ടമായി താമസിക്കുന്ന ക്യാമ്പുകളിലും ലേബർ ക്യാമ്പുകൾ, നിർമാണസ്ഥലങ്ങൾ എന്നിവിടങ്ങളിലും എത്തിയാണ് രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നത്. കേരളത്തിലെത്തുന്ന മുഴുവൻ അതിഥിത്തൊഴിലാളിയുടെയും സമ്പൂർണ വിവരങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവരശേഖരണവും രജിസ്ട്രേഷൻ നടപടികളും പുരോഗമിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാനായി ‘അതിഥി' മൊബൈൽ ആപ്പും സർക്കാർ തയ്യാറാക്കി നൽകിയിരുന്നു. തൊഴിലാളിയുടെ ആധാർ വിവരങ്ങൾ, ഫോട്ടോ, സ്ഥിരം മേൽവിലാസം, താമസസ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ, തൊഴിൽസംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം രജിസ്റ്റർചെയ്യും. വ്യക്തിവിവരങ്ങൾ എൻറോളിങ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കാനും തൊഴിൽ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ജില്ലയിൽ ജോലിചെയ്യുന്ന മുഴുവനാളുകളെയും വൈകാതെ ആപ് മുഖേന രജിസ്റ്റർചെയ്യിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ലേബർ ഓഫീസർ എം സിനി പറഞ്ഞു.









0 comments