ദേവനന്ദയുടെ സ്വപ്ന വീടിന് തറക്കല്ലിട്ടു

ദേവനന്ദയ്ക്ക് നിർമിക്കുന്ന വീടിന് മന്ത്രി വി ശിവൻകുട്ടി തറക്കല്ലിടുന്നു
പേരാമ്പ്ര സ്‌കൂൾ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന അർഹരായ എല്ലാ കുട്ടികൾക്കും വീട് നിർമിച്ചുനൽകുന്ന ബൃഹദ്‌പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന രണ്ടാമത് സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ജൂനിയർ പെൺകുട്ടികളുടെ 100, 200 മീറ്ററുകളിൽ റെക്കോഡോടെ സ്വർണം നേടിയ കൽപ്പത്തൂർ മമ്മിളിക്കുളത്തെ ദേവനന്ദക്ക് കേരള സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടുകയായിരുന്നു മന്ത്രി. ടി പി രാമകൃഷ്ണന്‍ എംഎൽഎ അധ്യക്ഷനായി. മികച്ച പ്രതിഭയുണ്ടായിട്ടും തലചായ്ക്കാൻ വീടില്ലാത്ത അവസ്ഥ അവരുടെ സ്വപ്നങ്ങൾക്കുമുന്നിൽ വലിയൊരു ചോദ്യചിഹ്നമാണ്. ഈ തിരിച്ചറിവിൽനിന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. റിട്ട അധ്യാപകനും നൊച്ചാട് പഞ്ചായത്ത് മുൻ അംഗവുമായ കോട്ടിലോട്ട് ശ്രീധരൻ നായരും കുടുംബവും സൗജന്യമായി നൽകിയ അഞ്ചുസെന്റിലാണ് ദേവനന്ദയ്ക്ക് വീട് നിർമിക്കുന്നത്. ദേവനന്ദയുമായും കുടുംബവുമായും ചർച്ച നടത്തി വീടിന്റെ പ്ലാൻ തയ്യാറാക്കും. എത്രയും വേഗം വീട് പണി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അപ്പെൻഡിസൈറ്റിസിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലുള്ള ദേവനന്ദയുമായി മന്ത്രി ഫോണിൽ സംസാരിച്ചു. വിദ്യാർഥികളുടെ ബാൻഡ് വാദ്യസംഘം മന്ത്രിയെ സ്വീകരിച്ചു. ദേവനന്ദയുടെ മാതാപിതാക്കളായ കെ കെ ബിജുവും വിജിതയും ചടങ്ങിൽ പങ്കെടുത്തു. മമ്മിളിക്കുളത്ത് ചേർന്ന പൊതുയോഗത്തിൽ സ്ഥലം സൗജന്യമായി നൽകിയ കോട്ടിലോട്ട് ശ്രീധരൻ നായരെ മന്ത്രി ആദരിച്ചു. കേരള സ്കൗട്ട്സ്ആൻഡ് ഗൈഡ്സ് സെക്രട്ടറി പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ബാലചന്ദ്രൻ പാറച്ചോട്ടിൽ, കെ സി ബാബുരാജ്, ശശികുമാർ അമ്പാളി, കെ സി ഗോപാലൻ, എം ടി ഹമീദ്, കെ എം രാഗേഷ്, കോട്ടിലോട്ട് ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എൻ ശാരദ സ്വാഗതവും പഞ്ചായത്തംഗം ബിന്ദു അമ്പാളി നന്ദിയും പറഞ്ഞു.









0 comments