കപ്പലിലെ തീപിടിത്തം: ജാഗ്രതയോടെ തീരം

വടകര തീരദേശ പൊലീസ് കടലിൽ പരിശോധന നടത്തുന്നു
സ്വന്തം ലേഖകൻ വടകര കേരള തീരത്തിനടുത്ത് ‘വാൻഹായ് 503' ചരക്കുകപ്പലിന് തീപിടിച്ച സാഹചര്യത്തിൽ വടകര തീരദേശത്തും ജാഗ്രതാ നിർദേശം. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കോസ്റ്റൽ പൊലീസ് തീരദേശ മേഖലകളിൽ റെസ്ക്യൂ ബോട്ടിൽ പരിശോധന നടത്തി. വടകര മുതൽ അഴിയൂർ വരെയുള്ള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾ, തീരദേശ വാസികൾ, ജാഗ്രതാസമിതികൾ ഉൾപ്പെടെയുള്ളവർക്കാണ് ജാഗ്രതാനിർദേശം. കടലിലോ കരയിലോ സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കണം. കണ്ടെത്തുന്ന സാധനങ്ങളിൽ സ്പർശിക്കരുത്. ചോമ്പാല മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ച് തീരദേശ പൊലീസിന്റെ റെസ്ക്യു ബോട്ടും ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള റെസ്ക്യൂ ബോട്ടും കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്. അഞ്ച് പേരടങ്ങുന്ന റെസ്ക്യൂ സംഘമാണ് ബോട്ടിൽ നിരീക്ഷണത്തിനുള്ളത്. ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ബോട്ടുകൾ കടലിലിറങ്ങാത്തതിനാൽ ആഴക്കടലിലെ വിവരങ്ങൾ ലഭിക്കുന്നതിന് നിലവിൽ തടസ്സമുണ്ട്. കപ്പൽ അപകടം തീരത്തുനിന്ന് 140 കിലോമീറ്റർ അകലെയായതിനാൽ തീരദേശ മേഖലയിലേക്ക് കണ്ടെയിനറുകളും മറ്റും എത്താൻ സമയമെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അടിയന്തര സാഹചര്യങ്ങളിൽ സജ്ജമായിരിക്കാനുള്ള നിർദേശം തീരദേശ പൊലീസിനും ലഭിച്ചിട്ടുണ്ട്.









0 comments