ബേക്കറി നിർമാണ യൂണിറ്റിൽ തീപിടിത്തം

തീപിടിത്തമുണ്ടായ  ബേക്കറി

തീപിടിത്തമുണ്ടായ ബേക്കറി

വെബ് ഡെസ്ക്

Published on Oct 09, 2025, 01:31 AM | 1 min read

വടകര എടോടി റെയിൽവേ സ്റ്റേഷൻ റോഡിൽ ബേക്കറി നിർമാണ യൂണിറ്റിൽ തീപിടിത്തം. കോട്ടപ്പള്ളി സ്വദേശി മൂസയുടെ ഉടമസ്ഥതയിലുള്ള ടീ സ്റ്റേഷൻ കഫേയിലാണ് തീപിടിത്തം ഉണ്ടായത്. ബുധൻ വൈകിട്ട് ആറോടെയാണ് സംഭവം. മുഗൾ റസിഡൻസി ലോഡ്ജും പ്രവർത്തിക്കുന്ന കെട്ടിടമാണിത്. ടീ സ്റ്റേഷൻ കഫേയുടെ പലഹാരങ്ങൾ നിർമിക്കുന്ന എക്സ്ഹോസ്റ്റ് ഡക്കിലാണ് തീ പടർന്നത്. ചൂട്, നീരാവി, ദുർഗന്ധം, പുക തുടങ്ങിയവ നീക്കംചെയ്യുന്ന കുഴലാണിത്. പുകക്കുഴലിനുള്ളിൽ തീ പടർന്നതോടെ ശക്തമായ പുകയും ഉയർന്നു. അന്തരീക്ഷത്തിൽ പുക ഉയർന്നതോടെ ജനം പരിഭ്രാന്തിയിലായി. തീ പടർന്നതോടെ ലോഡ്ജിലുള്ളവർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ബേക്കറിയിലുണ്ടായിരുന്ന സാധനങ്ങൾ നീക്കിയതിനാൽ വലിയ നാശനഷ്ടം ഉണ്ടായില്ല. നാട്ടുകാരും വടകരയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയും ചേർന്ന് കെട്ടിടത്തിനുമുകളിൽ നിന്ന്‌ പുകക്കുഴലിലേക്ക് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ ദീപക്കിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ പി ബിജു, എം ടി റാഷിദ്, ടി ഷിജേഷ്, മനോജ് കിഴക്കേക്കര, കെ എം വിജേഷ്, ഒ കെ അമൽ രാജ്, വി കെ ബിനീഷ്, പി അഗീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ)മാരായ കെ സുബൈർ, കെ സന്തോഷ്, ഹോംഗാർഡുമാരായ കെ സത്യൻ, സി ഹരിഹരൻ എന്നിവരും വടകര സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു. വടകര പൊലീസും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home