മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപനം നിര്‍വഹിച്ചു
അതിദാരിദ്ര്യമകന്നു, നിറമനസ്സോടെ നാട്

കോഴിക്കോടിനെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് ദുരിതവും അതിദാരിദ്ര്യവും അനുഭവിച്ച 6773 കുടുംബങ്ങളുടെ ജീവിതത്തിൽ ഇനി പുതുനിറങ്ങൾ പടരും. കിടപ്പാടവും വരുമാനവും തൊഴിലുമായി ആശ്വാസതീരമണഞ്ഞവരുടെ കണ്ണിൽ പ്രതീക്ഷയുടെ വെട്ടം നിറച്ച് നാട് അതിദാരിദ്ര്യ മുക്തമായി. സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയിലൂടെയാണ് ഇത്രയും കുടുംബങ്ങൾ പുതുജീവിതത്തിലേക്ക് കടന്നത്. അതിദാരിദ്ര്യമുക്ത ജില്ലാ പ്രഖ്യാപനം മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനിൽ നിർവഹിച്ചു. 2021–-22ല്‍ സര്‍വേ നടത്തിയപ്പോള്‍ 6,773 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇവര്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയുമെല്ലാം സഹായത്തോടെ ഭക്ഷണവും ആരോഗ്യപരിരക്ഷയും വരുമാന സംരംഭങ്ങളും പാര്‍പ്പിടവും ഒരുക്കി. 1,816 കുടുംബങ്ങള്‍ക്ക് ഭക്ഷണവും 4,775 പേര്‍ക്ക് മരുന്നും 579 കുടുംബങ്ങള്‍ക്ക് പാലിയേറ്റീവ് പരിചരണവും 73 പേര്‍ക്ക് ആരോഗ്യ സഹായ ഉപകരണങ്ങളും 513 കുടുംബങ്ങള്‍ക്ക് വരുമാനവും 2,050 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും ഒരുക്കി. എസ് കെ പൊറ്റെക്കാട്ട് ഹാളില്‍ നടന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി. ഒരു തൈ നടാം ക്യാമ്പയിന്‍ ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. കോര്‍പറേഷന്റെ ജലബജറ്റ് പ്രകാശനവും സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലാ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിര്‍വഹിച്ചു. ഹരിത കേരളം മിഷനില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ചവരെയും ആദരിച്ചു. സമ്പൂര്‍ണ ജലബജറ്റ് ജില്ലാ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സമിതി അധ്യക്ഷ വി പി ജമീല നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ റിപ്പോര്‍ട്ട് സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍ പ്രകാശിപ്പിച്ചു. അതിദാരിദ്ര്യമുക്ത ജില്ല റിപ്പോര്‍ട്ട് പിഎയു പ്രോജക്ട് ഡയറക്ടര്‍ പി വി ജസീറും ഹരിത കേരളം മിഷന്‍ റിപ്പോര്‍ട്ട് ജില്ലാ കോ ഓർഡിനേറ്റര്‍ കെ ബാലകൃഷ്ണനും അവതരിപ്പിച്ചു. ഫറോക്ക് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ റീജ, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ എസ് ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ പി ബാബു, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ. പി ശാരുതി, തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി അജേഷ്, കോര്‍പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എന്‍ കെ ഹരീഷ്, ഹെല്‍ത്ത് ഓഫീസര്‍ മുനവ്വര്‍ റഹ്‌മാന്‍, എ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.









0 comments