കൊയിലാണ്ടിയിൽ എല്ലാരും ഹാപ്പിയാണ്‌

സായാഹ്ന പാർക്ക്‌

സായാഹ്ന പാർക്ക്‌

വെബ് ഡെസ്ക്

Published on Oct 19, 2025, 01:37 AM | 2 min read

എ സജീവ്‌കുമാർ കൊയിലാണ്ടി വൈകിട്ട്‌ കൊയിലാണ്ടി ടൗണിലെത്തിയാൽ ഞങ്ങളീ പാർക്കിൽ വന്നിരിക്കും. പെയിന്ററായ ജ്യോതിഷ് പന്തലായനി പറഞ്ഞപ്പോൾ എളയടത്ത് മുക്കിലെ അനീഷും ചേലിയയിലെ സമീറും അതേ അഭിപ്രായം പങ്കിട്ടു. ബസ്‌ സ്റ്റാൻഡിന് സമീപമുള്ള സായാഹ്ന പാർക്കിൽ പെയിന്റർമാരായ ഈ കൂട്ടുകാർ ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു സുഹൃത്തുക്കളെ കാത്തിരിക്കുന്നത്‌ പതിവുകാഴ്‌ചയാണ്‌. ഇങ്ങനെ ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒത്തുകൂടാനും മറ്റുള്ളവർക്ക്‌ ഒഴിവുസമയം ചെലവഴിക്കാനും ഇതുപോലെ അതിദാരിദ്ര്യ മുക്തംഒരിടം ഒരുക്കിയതിനുള്ള നന്ദിയാണ്‌ ഇവരുടെ ഓരോ വാക്കുകളിലും. മാലിന്യക്കൂനകളായിരുന്ന ഇടങ്ങളെല്ലാം ജനങ്ങളുടെ വിശ്രമകേന്ദ്രങ്ങളായി. ഇത്തരത്തിൽ നഗരഹൃദയത്തിലായി അഞ്ച് ഹാപ്പിനസ് പാര്‍ക്കുകളാണുള്ളത്. നഗരസഭ ഫണ്ട്‌, വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ പിന്തുണയോടെയാണ്‌ സ്നേഹാരാമം, ഹാപ്പിനസ്‌ പാർക്ക്, യു എ ഖാദര്‍ പാര്‍ക്ക്, ജൈവ വൈവിധ്യ പാര്‍ക്ക്, സായാഹ്ന പാർക്ക് എന്നിവ ഒരുക്കിയത്‌. ബസ് സ്റ്റാന്‍ഡിന് സമീപത്തായി മൂന്നും സിവില്‍ സ്റ്റേഷന് സമീപം ഒന്നും ജൈവവൈവിധ്യ കേന്ദ്രത്തിൽ ഒന്നുമാണുള്ളത്. മിനി സിവില്‍ സ്റ്റേഷന്‌ സമീപത്ത് നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന സ്ഥലത്താണ് സ്നേഹാരാമം പദ്ധതിയില്‍ പാര്‍ക്ക് നിര്‍മിച്ചത്. കൊയിലാണ്ടിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങള്‍ ആലേഖനംചെയ്‌ത പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് യോഗങ്ങള്‍ ചേരുന്നതിനും സമയം ചെലവഴിക്കാനുമായി ഇരിപ്പിടങ്ങളും ഊഞ്ഞാല്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കുകയും ദീപാലംകൃതമാക്കുകയും ചെയ്‌തു. പഴയ ബസ്‌ സ്റ്റാൻഡിന്റെ മുന്‍വശത്തായി വ്യാപാര സ്ഥാപനങ്ങളും പൊതുജനങ്ങളും മാലിന്യം വലിച്ചെറിയുന്ന സ്ഥലത്താണ് സ്പോണ്‍സര്‍ഷിപ്പിലൂടെ 13 ലക്ഷം രൂപ ചെലവില്‍ ഹാപ്പിനസ് പാര്‍ക്ക് നിർമിച്ചത്. മനോഹരമായ പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും ചെടികളും മരങ്ങളും കുടിവെള്ള സൗകര്യം, വൈഫൈ, റേഡിയോ, ടിവി കാണാനുള്ള സൗകര്യം, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, സിസിടിവി എന്നിവയും ഒരുക്കി. കലാ സാംസ്‌കാരിക പരിപാടികള്‍ക്കായി സ്റ്റേജും ഒരുക്കി. ബസ്‌ സ്‌റ്റാന്‍ഡിനടുത്ത് തെരുവുകച്ചവട കേന്ദ്രത്തിനടുത്തായി യു എ ഖാദറിന്റെ പേരിലാണ് സ്പോണ്‍സര്‍ഷിപ്പിലൂടെ സംസ്‌കാരിക പാര്‍ക്ക് നിർമിച്ചത്. ചെടികളും പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും ഒരുക്കി പാര്‍ക്ക് മനോഹരമാക്കി സാംസ്‌കാരിക പരിപാടികള്‍ നടത്താനായി സ്റ്റേജ് സൗകര്യവും ഒരുക്കി. കൊടുക്കാട്ടുംമുറിയില്‍ നെല്യാടി പുഴയോരത്താണ് ജൈവവൈവിധ്യ പാര്‍ക്ക്. 300 മീറ്റര്‍ നീളത്തില്‍ ആറ് മീറ്ററോളം വീതിയിലും ഒരു ബണ്ടും ചീര്‍പ്പുമായി സര്‍ക്കാര്‍ വക ഭൂമിയിൽ വിവിധയിനം മരങ്ങളും കണ്ടലുകളും കൊണ്ട് സമ്പന്നമാണ് ജൈവവൈവിധ്യ പാര്‍ക്ക്. പക്ഷികളുടെയും ദേശാടനക്കിളികളുടെയും ആവാസകേന്ദ്രം കൂടിയാണ് ഇവിടം. പാര്‍ക്കിനോട് ചേര്‍ന്നുള്ള തണ്ണീര്‍ത്തടം വിവിധയിനം മത്സ്യങ്ങളുടെ പ്രജനനകേന്ദ്രം കൂടിയാണ്. പാര്‍ക്കില്‍ എത്തിച്ചേരുന്നവര്‍ക്കായി ഇരിപ്പിടങ്ങളും ഏറുമാടവും ഊഞ്ഞാലും ഒരുക്കിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ 6.5 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് സായാഹ്ന പാർക്ക്. കലാ സാംസ്കാരിക പരിപാടികൾ നടത്താനായി പാർക്കിന് അനുബന്ധമായി ഓപ്പൺ സ്റ്റേജും പണി കഴിപ്പിച്ചിട്ടുണ്ട്. കുടിവെള്ളത്തിൽ 
സ്വയംപര്യാപ്തത കടലോരത്തും പുഴയോരത്തും കുന്നിൻ പ്രദേശത്തുമെല്ലാം എക്കാലവും ജനങ്ങളുടെ വലിയ പ്രശ്നമായിരുന്ന കുടിവെള്ള ക്ഷാമത്തിന്‌ സമ്പൂർണ പരിഹാരമാകുകയാണ്‌. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി ഏതാണ്ട് പൂർത്തിയായി. 205 കോടിയിലധികം രൂപ ചെലവിട്ടാണിത്‌ നടപ്പാക്കുന്നത്‌. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് ലൈനിൽ നിന്നും കണക്ഷൻ ലൈൻ വലിക്കുകയും നഗരസഭയിലെ വലിയമല, കോട്ടക്കുന്ന്, സിവിൽ സ്‌റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ കൂറ്റൻ ജലസംഭരണികൾ നിർമിക്കുകയും ചെയ്തു. സിവിൽ സ്‌റ്റേഷൻ പരിസരത്ത് 35 ലക്ഷം ലിറ്ററിന്റെയും കോട്ടക്കുന്നിലും വലിയ മലയിലും 17 ലക്ഷം ലിറ്റർ കൊള്ളുന്നതുമായ ജലസംഭരണി നിർമിച്ചു. സിവിൽസ്‌റ്റേഷൻ പരിസരത്ത് ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം വാട്ടർ അതോറിറ്റിക്ക് നൽകിയാണ് ജലസംഭരണി നിർമിച്ചത്. വിതരണ ശൃംഖല വഴി 44 വാർഡുകളിലേയും മുഴുവൻ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുക എന്നതാണ് കാനത്തിൽ ജമീല എംഎൽഎയുടെ സഹായത്തോടെ നഗരസഭ പൂർണതയിലേക്ക്‌ എത്തിക്കുന്നത്. ഏതാണ്ട് 250 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് വീടുകൾ, പൊതുസ്ഥലങ്ങൾ, ചെറിയ ടാങ്കുകൾ എന്നിവിടങ്ങളിൽ കുടിവെള്ളമെത്തിക്കുന്നത്. വലിയ മലയിലെ ടാങ്കിൽ നിന്ന്‌ നടേരി, കുറുവങ്ങാട്, പെരുവട്ടൂർ, അണേല ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തും. കോട്ടക്കുന്നിൽ നിന്ന്‌ പന്തലായനി, വിയ്യൂർ മേഖലകളിലേക്കും സിവിൽ സ്‌റ്റേഷനടുത്തുള്ള ടാങ്കിൽനിന്ന്‌ കടലോരത്തെ 11 വാർഡുകളിലേക്കും നഗര കേന്ദ്രത്തിലെ വാർഡുകളിലെ വീടുകളിലും കുടിവെള്ളമെത്തിക്കും. മൂന്നു ടാങ്കുകളിലും ഇതിനകം വെള്ളം നിറഞ്ഞുകഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home