കൂടത്തുംപാറയിൽ ടോൾ പ്ലാസ നിർമാണം അവസാനഘട്ടത്തിൽ

ദേശീയപാത രാമനാട്ടുകര - വെങ്ങളം റീച്ചിൽ കൂടത്തുംപാറയിലെ ടോൾ പ്ലാസ
പന്തീരാങ്കാവ് ദേശീയപാത 66ൽ രാമനാട്ടുകര - വെങ്ങളം റീച്ചിൽ ടോൾ പ്ലാസയുടെ നിർമാണം അവസാനഘട്ടത്തിൽ. ബൂത്ത് സ്ഥാപിക്കലും ഇലക്ട്രിക്കൽ പ്രവൃത്തികളും പുരോഗമിക്കുന്നു. ഇരിങ്ങല്ലൂർ കൂടത്തുംപാറയിൽ മാമ്പുഴ പാലത്തിനുസമീപത്താണ് ഇരുദിശകളിലേക്കുമുള്ള ടോൾ പ്ലാസ നിർമിച്ചത്. 250 മീറ്ററോളം അകലത്തിലാണ് രാമനാട്ടുകരയിൽനിന്ന് തൊണ്ടയാട് ഭാഗത്തേക്കുപോകുന്ന ടോൾ ബൂത്തും തൊണ്ടയാട് ഭാഗത്തുനിന്ന് രാമനാട്ടുകര ഭാഗത്തേക്കുവരുന്ന ടോൾ ബൂത്തുമുള്ളത്. പ്രവൃത്തി പൂർത്തിയാക്കിയ ടോൾ പ്ലാസയുടെ മുഴുവൻ ട്രാക്കും ഈ മാസം അവസാനത്തോടെയോ, സെപ്തംബർ ആദ്യമോ ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് സാധ്യത. ഒന്ന്, രണ്ട് ട്രാക്കുകളിലൂടെ കാറുകളും ലൈറ്റ് മോട്ടോർ വാഹനങ്ങളും മൂന്ന്, നാല് ട്രാക്കുകളിൽ ബസ്, ട്രക്ക് എന്നിവയും ഏറ്റവും ഇടതുവശത്തായുള്ള അഞ്ചാം ട്രാക്കിലൂടെ വീതികൂടിയ വാഹനങ്ങളും കടന്നുപോകുന്ന രീതിയിലാണ് ടോൾ പ്ലാസയുടെ ക്രമീകരണം. ഇരുമ്പുതൂണുകളെ ബന്ധിപ്പിച്ചാണ് ബൂത്തിന്റെ മേൽക്കൂര നിർമിച്ചത്. ഈ മേൽക്കൂരയിൽ റൂമുകൾ നിർമിച്ച് ടോൾ പ്ലാസയുടെ ഓഫീസുകൾക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ടോൾ ബൂത്ത് എത്തുന്നതിന് ഒരുകിലോമീറ്റർ മുന്നേ നിരക്കുകളും സൂചനാ സന്ദേശമുള്ള ബോർഡുകളുമുണ്ട്. സൂചനാ ബോർഡ് 500 മീറ്റർ, 200 മീറ്റർ, 100 മീറ്റർ ദൂരപരിധിക്കിടെ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ നിർമിക്കാനിരിക്കുന്ന ആദ്യ ട്രംപറ്റ് കവല കൂടത്തുംപാറയിൽ ഈ ടോൾ ബൂത്തുകൾക്കിടയിലാണ്. ഒരുദിശയിൽനിന്നുവരുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെ മറികടക്കാതെ ഏതുഭാഗത്തേക്കും പോകാൻ കഴിയുമെന്നതാണ് ട്രംപറ്റ് കവലയുടെ പ്രത്യേകത.









0 comments