കെ ഇ എന്നിന് ചെറുകുളത്തൂരിന്റെ ആദരം

കെ ഇ എന്നിന് ചെറുകുളത്തൂർ നേത്രദാന അവയവദാന ഗ്രാമം നൽകിയ ആദരവ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
കുന്നമംഗലം സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ ഇ എന്നിന് കെ പി ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ചെറുകുളത്തൂർ നേത്രദാന അവയവദാന ഗ്രാമം ആദരവ് നൽകി. ചെറുകുളത്തൂർ ജിഎൽപി സ്കൂളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് രജിതകുമാരി വയപ്പുറത്ത് അധ്യക്ഷയായി. പി ടി എ റഹീം എംഎൽഎ ഉപഹാര സമർപ്പണം നടത്തി. കെ അംശുമതി സൗഹൃദപത്രം വായിച്ചു. കെ ആർ സുബ്രഹ്മണ്യൻ സൗഹൃദപത്രം നൽകി. എം ടി രവീന്ദ്രൻ വരച്ച ചിത്രവും നൽകി. ‘നവ ഫാസിസത്തിന്റെ വർത്തമാനം കിനാവ് കാണുന്ന വാക്കുകൾ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ. പി കെ പോക്കർ, ഡോ. അനിൽ ചേലേമ്പ്ര, വി പി ശ്യാംകുമാർ, ടി എം ചന്ദ്രശേഖരൻ, കെ ഇ എൻ എന്നിവർ സംസാരിച്ചു. ഇ വിശ്വനാഥൻ സ്വാഗതവും സി ഷാജു നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി . കൊല്ലപ്പെടാൻ വേണ്ടി ജനിച്ചവരുടെ നാടായി ഗാസ മാറുന്നു: എം സ്വരാജ് കുന്നമംഗലം കൊല്ലപ്പെടാൻ വേണ്ടി ജനിച്ചവരുടെ നാടായി ഗാസ മാറുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. ലോകത്ത് ഭയാനകമായ നിസംഗത വളർന്നു വരുന്നുവെന്നും സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ ഇ എന്നിന് ചെറുകുളത്തൂർ നേത്ര അവയവദാന ഗ്രാമം നൽകിയ ആദരവ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്നേഹത്തിന്റെ ഗ്രാമം എന്നറിയപ്പെടാൻ എല്ലാ യോഗ്യതയുമുള്ള നാടാണ് ചെറുകുളത്തൂർ നേത്ര അവയവദാന ഗ്രാമം. മരണമില്ലാത്തവരുടെ നാടായി നാം മാറാൻ പോവുകയാണ്. നിങ്ങൾ കാണിച്ച പാതയിലൂടെ ലോകം സഞ്ചരിക്കും. പിന്നെയും പിന്നെയും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന അഗ്നിസാന്നിധ്യമുള്ള വാക്കുകളാണ് കെ ഇ എന്നിന്റേതെന്നും എം സ്വരാജ് പറഞ്ഞു. വായനശാല പ്രസിഡന്റ് രജിതകുമാരി അധ്യക്ഷയായി.









0 comments