കാർഷികമേഖലയിൽ പുത്തനുണർവ്

സ്വന്തം ലേഖകൻ കോഴിക്കോട് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ കൃഷിക്ക് പുത്തനുണർവേകി ജില്ലാ പഞ്ചായത്ത്. പ്രാദേശിക ഉൽപ്പാദനത്തിന് പ്രാധാന്യം നൽകി കർഷകർക്ക് സഹായകരമായ ഒട്ടേറെ പദ്ധതികളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. നെൽകൃഷി വികസന പദ്ധതി മുഖേന ജില്ലയിലെ നെൽകർഷകർക്ക് ധനസഹായം നൽകുന്നതിനും വിദ്യാർഥികൾക്ക് പച്ചക്കറി കൃഷി ഒരുക്കുന്നതിനും കൈപ്പാട് കൃഷിക്കും ഫാം ടൂറിസത്തിനും മറ്റുമായി രണ്ടരക്കോടിയിലേറെ രൂപയാണ് ചെലവഴിച്ചത്. 97 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കി നെൽകൃഷിയിലെ നൂതനപദ്ധതിയായ ‘കതിരണി’ക്ക് 2.75 കോടി രൂപ ചെലവിട്ടപ്പോൾ കാർഷിക മേഖലയിൽ മറ്റൊരു മുന്നേറ്റം തീർക്കാനും ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ തനത് വരുമാന സ്രോതസ്സായ ഫാമുകളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും ശ്രദ്ധേയമായ ഇടപെടലുണ്ടായി. ഇതിന്റെ ഭാഗമായി തനത് വരുമാനം വർധിപ്പിക്കാനും കാർഷികമേഖലയിൽ ഉൽപ്പാദനക്ഷമത കൂട്ടാനും കഴിഞ്ഞു. കൂത്താളിയിലെ കൃഷിഫാമിൽ 4.87 കോടിയുടെയും തിക്കോടി തെങ്ങിൻതൈ വളർത്തുകേന്ദ്രത്തിൽ 1.054 കോടിയുടെയും പുതുപ്പാടി വിത്തുൽപ്പാദന കേന്ദ്രത്തിൽ 1.29 കോടിയുടെയും പേരാമ്പ്ര വിത്തുൽപ്പാദന കേന്ദ്രത്തിൽ 2.27 കോടിയുടെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ചാത്തമംഗലത്തെ പ്രാദേശിക കോഴിവളർത്തുകേന്ദ്രത്തിനായി 2.75 കോടിയുമാണ് വിനിയോഗിച്ചത്. തരിശുകിടന്ന പാടങ്ങൾ കൃഷിയോഗ്യമാക്കാൻ 1.22 കോടി രൂപ വിനിയോഗിച്ചു. 20 ലക്ഷം ചെലവിട്ടാണ് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തെ ഉപയോഗപ്പെടുത്തി നെൽവയലുകളെക്കുറിച്ച് സമഗ്രപഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. വന്യമൃഗങ്ങളിൽനിന്ന് കാർഷിക വിളകൾ സംരക്ഷിക്കാൻ 22.89 ലക്ഷവും ചെലവിട്ട് സോളാർ ഫെൻസിങ്ങുകൾ സ്ഥാപിച്ചു. ക്ഷീരമേഖലയ്‌ക്കായി ചെലവിട്ടത് 10 കോടി രൂപയാണ്. കാട്ടുമൃഗങ്ങളിൽ നിന്ന് കൃഷി രക്ഷിക്കാൻ സോളാർ ഫെൻസിങ് സ്ഥാപിക്കാൻ 22.89 ലക്ഷവും മറ്റു പ്രവൃത്തികൾക്കായി 2.62 കോടി രൂപയും ചെലവിട്ടു.









0 comments