കാടിനും കുളത്തിനുമിടയിലൊരു വീട് മണാശേരിയിലെ പച്ചമനുഷ്യൻ

തച്ചോലത്ത് ഗോപാലന്റെ വീട്
സ്വന്തം ലേഖിക
കോഴിക്കോട്
ഇടതൂർന്ന മരങ്ങൾക്കിടയിൽ, മണ്ണിനടിയിലെ നീരുറവയ്ക്ക് മുകളിലായി മണാശേരിയിൽ ഒരു വീടുണ്ട്. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന പച്ചയായ മനുഷ്യരുടെ ഇടം. പ്രകൃതിദത്തമായ "എസി'യുള്ള വീട് കാണാൻ 30 വർഷത്തിനിപ്പുറവും സന്ദർശകർ ഒഴുകിയെത്തുകയാണ്. 1992ലാണ് തച്ചോലത്ത് ഗോപാലൻ കുടുംബസ്വത്തായ 10 സെന്റ് വയലിൽ വീട് വയ്ക്കാനൊരുങ്ങിയത്. വയൽ നികത്തൽ ഒരിക്കലും അംഗീകരിക്കാനാകാത്ത ഗോപാലന്റെ, പ്രകൃതിയെ വേദനിപ്പിക്കാതെ വീടുവയ്ക്കാനുള്ള ആശയമാണ് ഇന്ന് കൗതുക കാഴ്ചയാകുന്നത്. വയലിന് നടുവിലെ നാല് സെന്റിൽ കുളം കുഴിച്ച് അതിനുമുകളിലാണ് 950 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള രണ്ടുനില വീട് പണിതത്. കീഴാർനെല്ലി, നാഗവെറ്റില, ആനത്തകര തുടങ്ങി 27 നക്ഷത്ര വൃക്ഷങ്ങളാലും ദശപുഷ്പങ്ങളാലും ത്രിഫലസസ്യങ്ങളാലും മുള, പന തുടങ്ങി നൂറിൽപ്പരം മരങ്ങളാലും സമൃദ്ധമാണ് വീടിന്റെ പരിസരം. ഏഴ് വെച്ചൂർ പശുവിനെയും ഒരു വെച്ചൂർ കാളയെയും പരിപാലിക്കുന്നുണ്ട്. "വെള്ളത്തിലാണ് വീടിന്റെ തറയെന്നതിനാൽ പലരും ആശങ്കയറിയിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറവും വീടിന് യാതൊരു പ്രശ്നവുമുണ്ടായിട്ടില്ല’, ഗോപാലൻ പറഞ്ഞു. 1988 മുതൽ 1995 വരെ മുക്കം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗോപാലൻ പിന്നീട് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. 2014ൽ പ്രൊഫ. ശോഭീന്ദ്രനോടൊപ്പമാണ് മുത്താലം വിവേകാനന്ദ സ്കൂൾ പരിസരത്ത് 27 വൃക്ഷത്തൈകൾ നട്ടത്. കുന്നമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ കെ ചന്ദ്രികയും മക്കളായ അരുൺ ഗോപാലും കിരൺ ഗോപാലുമാണ് ഈ പ്രകൃതിസ്നേഹിയുടെ പിന്തുണ.









0 comments