കാഴ്ചകളുടെ ഉത്സവം

മേഖലാ രാജ്യാന്തര ചലച്ചിത്രമേളയിൽ രണ്ടാം ദിനത്തിലെ തിരക്ക്
സ്വന്തം ലേഖിക കോഴിക്കോട് മലബാറിലെ സിനിമയുടെ ഉത്സവത്തിന്റെ രണ്ടാം നാൾ തിരക്കിലമര്‍ന്ന് നഗരം. പൊതു അവധിദിനം കൂടിയായതിനാൽ ചലച്ചിത്രപ്രേമികൾ മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവ വേദികളായ കൈരളി, ശ്രീ, കോറണേഷൻ തിയറ്ററുകളിലേക്ക് ഇരച്ചെത്തി. സിനിമാസ്വാദനത്തിനും വിലയിരുത്തലിനുമപ്പുറം തുറന്ന സംവാദങ്ങളുടെയും സൗഹൃദം പുതുക്കാനുള്ള വേദിയായും ചലച്ചിത്രമേള മാറി. രണ്ടാം ദിനം 15 ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചു. ലോകസിനിമ വിഭാഗത്തിൽ അഞ്ച് ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ നാലും കാലിഡോസ്കോപ് വിഭാഗത്തിൽ രണ്ടും ഇന്ത്യൻ സിനിമ നൗ, ഫെസ്റ്റിവൽ ഫേവറിറ്റ്സ്, ഫീമെയിൽ ഗേസ്, ലൈഫ് ടൈം അച്ചീവ്മെന്റ് വിഭാഗങ്ങളിൽ ഓരോന്നുമാണ് പ്രദര്‍ശിപ്പിച്ചത്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദര്‍ശിപ്പിച്ച ജെ ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ മികച്ച പ്രതികരണം നേടി. ആദരമായി "ഒരു വടക്കന്‍ വീരഗാഥ' പൊതുപ്രദര്‍ശനം ഇന്ന് മേളയുടെ മൂന്നാം ദിനം ദി ആര്‍ട്ട് ഓഫ് വാര്‍ഫെയര്‍, ഫെമിനിച്ചി ഫാത്തിമ ഉൾപ്പെടെ 15 സിനിമ പ്രദര്‍ശിപ്പിക്കും. തിരക്കഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍ക്കും നിര്‍മാതാവ് പി വി ഗംഗാധരനും ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനും ആദരമര്‍പ്പിച്ചുകൊണ്ട് ഒരു വടക്കന്‍ വീരഗാഥയുടെ പുതിയ പതിപ്പ് ഞായറാഴ്‌ച പ്രദര്‍ശിപ്പിക്കും. എആര്‍സി കോറണേഷന്‍ സ്‌ക്രീന്‍ ഒന്നിൽ വൈകിട്ട് 6.15നാണ് പ്രദര്‍ശനം. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കും. ഓപ്പണ്‍ ഫോറത്തില്‍ ഇന്ന് "റിവ്യൂ: അവലോകനമോ അധിക്ഷേപമോ?' ഓപ്പണ്‍ ഫോറത്തില്‍ "റിവ്യൂ: അവലോകനമോ അധിക്ഷേപമോ?' എന്ന വിഷയം ചര്‍ച്ച ചെയ്യും. ഷാനറ്റ് സിജോ വിഷയം അവതരിപ്പിക്കും. ഫിലിം റിവ്യൂവര്‍ അശ്വന്ത് കോക്ക്, മാധ്യമപ്രവര്‍ത്തക സനിത മോഹന്‍, അശ്വിന്‍ ഭരത് രാജ്, അപര്‍ണ പ്രശാന്തി, മുരളീ മൂവീസ് മാധവന്‍നായര്‍ എന്നിവര്‍ സംസാരിക്കും. കൈരളി തിയറ്റര്‍ അങ്കണത്തിലെ ഷാജി എന്‍ കരുണ്‍-, ചെലവൂര്‍ വേണു പവലിയനില്‍ വൈകിട്ട് അഞ്ചിനാണ് ഓപ്പണ്‍ ഫോറം.









0 comments