വാടക സാധനങ്ങളെടുത്ത് ആക്രിക്കടയിൽ മറിച്ചുവിൽക്കും
ഒരു വല്ലാത്ത കള്ളൻ!

യുവാവ് വാടക സ്‌റ്റോറിൽ വന്നപ്പോഴുള്ള സിസിടിവി ദൃശ്യം
സ്വന്തം ലേഖകൻ താമരശേരി വാടക സ്‌റ്റോറിലെ സാധനങ്ങൾ ആക്രിക്കടയിൽ വിറ്റ് താമരശേരിയിൽ വ്യത്യസ്‌തമായ മോഷണം. വിവാഹ ആവശ്യത്തിനെന്നുപറഞ്ഞ് പരപ്പൻപൊയിലെ ഒകെഎസ് വാടക സ്‌റ്റോറിൽനിന്നാണ് മോഷ്‌ടാവ് സാധനങ്ങളെടുത്തത്. തുടർന്ന് ആക്രിക്കടയിൽ വിൽക്കുകയുംചെയ്‌തു. മോഷ്‌ടാവിനായി താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്‌ച പകൽ 11ഓടെ വീട്ടിലെ കല്യാണത്തിന് എന്നുപറഞ്ഞാണ് രണ്ട് വലിയ ബിരിയാണിച്ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി എന്നിവ വാടകയ്ക്കെടുത്തത്. പിന്നീട് പരപ്പൻപൊയിലിൽനിന്ന് ഗുഡ്‌സ് ഓട്ടോ വിളിച്ച് പാത്രങ്ങൾ കയറ്റിക്കൊണ്ടുപോയി. താമരശേരിയ്‌ക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്കെന്നാണ് അറിയിച്ചത്. സാധനങ്ങൾ എടുക്കുമ്പോൾ നൽകിയ സൽമാനെന്ന പേരും ഫോൺ നമ്പറും വിലാസവും തെറ്റായിരുന്നു. പരിപാടി കഴിഞ്ഞ് തിങ്കളാഴ്‌ചയായിട്ടും പാത്രങ്ങൾ തിരികെ എത്താത്തതിനാൽ അന്വേഷിച്ചപ്പോഴാണ് എല്ലാം വ്യാജമാണെന്ന് ഉടമ അറിഞ്ഞത്. പിന്നീട്, സാധനങ്ങൾ എടുത്തുപോയ വാഹനത്തിന്റ ഡ്രൈവറോട് അന്വേഷിച്ചു. അണ്ടോണയിലേക്കുപോയ പാത്രങ്ങൾ പൂനൂരിലാണ് ഇറക്കിയതെന്ന് മനസ്സിലായി. ഇടവഴിയാണെന്നും വീടിനടുത്തേക്ക് വണ്ടി പോകില്ലെന്നും പറഞ്ഞ് യുവാവ് സാധനം ഇറക്കിയ സ്ഥലം വാഹന ഉടമ വാടക സ്‌റ്റോറുകാർക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂനൂരിലെ ആക്രിക്കടയിൽ പാത്രങ്ങൾ കണ്ടെത്തി. ആക്രിക്കട ഉടമയോട് വിവരങ്ങൾ പറഞ്ഞശേഷം വാടക സ്റ്റോർ ഉടമ താമരശേരി പൊലീസിൽ പരാതി നൽകി. വാടകയ്ക്ക് എടുത്തതാണെന്ന് ആക്രിക്കടക്കാർക്ക് മനസ്സിലാവാതിരിക്കാൻ പാത്രങ്ങൾക്കൊപ്പം കൊണ്ടുപോയ ചട്ടുകം, കോരി എന്നിവ യുവാവ് വിൽപ്പന നടത്തിയിരുന്നില്ല.









0 comments