എആര്‍ തെമാറ്റിക് ടൂറിസം ട്രൈല്‍ മാപ്പുമായ് ഡിടിപിസി
എവിടെ പോകണം, ഒറ്റ ക്ലിക്കിൽ അറിയാം

ഓഗ്മെന്റഡ് റിയാലിറ്റി ഇന്ററാക്ടീവ് തെമാറ്റിക് ടൂറിസം മാപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശിപ്പിക്കുന്നു
കോഴിക്കോട്
കോഴിക്കോട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് ഒരുദിവസം എന്തെല്ലാം എവിടെയെല്ലാം കാണാമെന്നും എങ്ങനെ പോകാമെന്നും ഇനി ഒറ്റ ക്ലിക്കിൽ അറിയാം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഇന്ററാക്ടീവ് തെമാറ്റിക് ടൂറിസം മാപ്പിലൂടെയാണ് ഇത് സാധ്യമാകുക. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുത്തി എആർ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യ ഇന്ററാക്ടീവ് മാപ്പാണിത്. പ്രധാന ടൂറിസം കേന്ദ്രങ്ങളെ 10 സഞ്ചാരപാതകളായി (ട്രൈൽ) തിരിച്ച് തയ്യാറാക്കിയ മാപ്പിൽ ഓരോ ട്രൈലിനും വ്യത്യസ്ത കളർകോഡ് നൽകിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിലുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇതിനുകീഴിൽ ഉൾപ്പെടുത്തിയാണ് മാപ്പ് സമഗ്രമാക്കിയത്. മൊബൈൽ സ്‌കാനിങ് വഴി സഞ്ചാരികൾക്ക് ഇഷ്ടമുള്ള ട്രൈൽ, മാപ്പിൽനിന്ന് തെരഞ്ഞെടുക്കാം. ക്ലിക്ക് ചെയ്യുന്നതോടെ ഈ വിഭാഗത്തിനുകീഴിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ പ്രത്യക്ഷപ്പെടും. ഇത് ക്ലിക്ക് ചെയ്യുമ്പോൾ കേന്ദ്രങ്ങളുടെ വിശദവിവരങ്ങളും ഗൂഗിൾ ലൊക്കേഷൻ മാപ്പിങ്ങും ഉൾപ്പെടെയുള്ള ഇ ബ്രോഷർ പിഡിഎഫും ഡൗൺലോഡ് ചെയ്യാം. സാഹസികത, കടപ്പുറം, പൈതൃക നഗരം, ജൈവവൈവിധ്യം, ഫാം ടൂറിസം, ഹാൻഡിക്രാഫ്റ്റ് ആൻഡ് ഹാൻഡ്-ലൂം, സ്‌പൈസ് റൂട്ട്, തീർഥാടനം, ഭക്ഷണപ്പെരുമ, വില്ലേജ് ലൈഫ് എക്-സ്-പീരിയൻസ് എന്നിവയാണ് മാപ്പിലെ ട്രൈലുകൾ. പൈതൃക നഗരം തെരഞ്ഞെടുക്കുന്ന സഞ്ചാരിക്കുമുമ്പിൽ തളി, പാളയം, മിഠായി തെരുവ്, മാനാഞ്ചിറ, സിഎസ്‌ഐ പള്ളി, വലിയങ്ങാടി, കുറ്റിച്ചിറ, ഗുജറാത്തി സ്ട്രീറ്റ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളാണ് പ്രത്യക്ഷമാകുക. ജൈവവൈവിധ്യം തെരഞ്ഞെടുക്കുമ്പോൾ കടലുണ്ടി കമ്യൂണിറ്റി റിസർവ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, സരോവരം ബയോപാർക്ക്, കാപ്പാട്, പെരുവണ്ണാമൂഴി, ജാനകിക്കാട്, വയലട, കക്കയം, തോണിക്കടവ്, തുഷാരഗിരി എന്നിവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. ഓഗ്മെന്റെഡ് റിയാലിറ്റിയിലൂടെ വിനോദയാത്രകൾ ലളിതവും സുഗമവും സ്മാർട്ടാക്കുകയാണ് ലക്ഷ്യം. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് മാപ്പ് പ്രകാശിപ്പിച്ചു. മേയർ ബീന ഫിലിപ്പ്, ഡിടിപിസി ചെയർമാൻകൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ്, ഡിടിപിസി സെക്രട്ടറി ടി നിഖിൽ ദാസ്, ടൂറിസം ക്ലബ് ജില്ലാ കോർഡിനേറ്റർ സോനു രാജ് എന്നിവർ പങ്കെടുത്തു.









0 comments