തീവ്ര കർമപരിപാടിയുമായി ഹരിതകേരളം

‘ജലമാണ്‌ ജീവൻ’

a
avatar
സ്വന്തം ലേഖിക

Published on Aug 22, 2025, 02:15 AM | 1 min read

കോഴിക്കോട്‌

ജലസുരക്ഷ ഉറപ്പാക്കി, ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനായി ‘ജലമാണ്‌ ജീവൻ’ ജനകീയ തീവ്ര കര്‍മപരിപാടി നടപ്പാക്കുന്നു. ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന്‌ ഘട്ടംഘട്ടമായി നടപ്പാക്കുന്ന കർമപരിപാടിയുടെ ഭാഗമായി 30, 31 തീയതികളിൽ ജില്ലയിലെ എല്ലാ കിണറുകളിലും ക്ലോറിനേഷന്‍ നടത്തും. സെപ്‌തംബര്‍ എട്ടുമുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ വഴി ബോധവൽക്കരണം, ജല പരിശോധന എന്നിവയുമുണ്ടാകും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്രലാബിനോട് ചേര്‍ന്ന് ഹരിതകേരളം മിഷന്‍ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനമാണ്‌ ഇതിന്‌ വിനിയോഗിക്കുക. ഫലം അടിസ്ഥാനമാക്കി പരിഹാര പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസ്സുകളും സെപ്‌തംബര്‍ 20 മുതല്‍ നവംബര്‍ ഒന്നുവരെ ശുചീകരിക്കും. ഇതിലേക്ക്‌ മാലിന്യമെത്തുന്ന വഴികളടയ്‌ക്കും. അനുബന്ധ ബോധവൽക്കരണവും സംഘടിപ്പിക്കും. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനത്തിലാണ്‌ പരിപാടി.

അമീബിക് മസ്തിഷ്‌ക ജ്വരം പോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണ് കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുന്നത്. ഇതിനാവശ്യമായ ബ്ലീച്ചിങ് പൗഡര്‍/ക്ലോറിന്‍ ഗുളികകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. അതത് സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശം നല്‍കും. പൈപ്പ് വെള്ളം ഉപയോഗിക്കുന്നവര്‍ അത് സംഭരിക്കാന്‍ ഉപയോഗിക്കുന്ന ടാങ്കുകള്‍ ക്ലോറിനേറ്റ് ചെയ്യണം.

ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജനകീയ കര്‍മപരിപാടിയായാണ് ജലമാണ് ജീവന്‍ ക്യാമ്പയിന്‍ നടപ്പാക്കുന്നത്. ക്ലോറിനേഷന്‍ നടന്നത് സംബന്ധിച്ച് അടുത്ത മാസം ആദ്യം കണക്കെടുപ്പും നടത്തും.




deshabhimani section

Related News

View More
0 comments
Sort by

Home